കുടുംബത്തിന്റെ സാന്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വപ്നങ്ങൾക്ക് വിട ചൊല്ലി, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പതിനേഴുകാരി വീണ്ടും സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു, നാട്ടുകാരുടെ പിന്തുണയോടെ… ഗാസിയാബാദിലെ ഇന്ദിരപുരം ഗ്രാമവാസിയായ കാജൽ ഝാ എന്ന വിദ്യാർഥിനിയാണ് നാട്ടുകാരുടെ കൈത്താങ്ങിൽ ഉപരിപഠനത്തിന് തയാറെടുക്കുന്നത്.
12-ാം ക്ലാസ് പരീക്ഷയിൽ 95 ശതമാനം മാർക്കോടെ പാസായ കാജൽ കുടുംബത്തിന്റെ സാന്പത്തിക പ്രതിസന്ധി കാരണം ഉപരിപഠനം വേണ്ടെന്നുവച്ച് കൂലിപ്പണിക്ക് പോവുകയായിരുന്നു. എന്നാൽ, അയൽവാസികളിൽ ചിലർ കാജലിന്റെ ഉന്നതവിജയത്തെപ്പറ്റി അറിഞ്ഞതോടെ സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു.
സാധാരണക്കാരായ ഗ്രാമവാസികളുടെ ഉദ്യമത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ കുടുംബത്തിനു സഹായവുമായി എത്തി.
ഇന്നിപ്പോൾ നാട്ടുകാരുടെ ചെലവിൽ ഐഐടി പ്രവേശനത്തിന് തയാറെടുക്കാൻ കോച്ചിംഗ് സെന്ററിൽ പോവുകയാണ് കാജൽ. കാജലിന്റെ രോഗിയായ അച്ഛന് നാട്ടുകാർ ഇടപെട്ട് ഒരു ജോലിയും ശരിയാക്കിക്കൊടുത്തിട്ടുണ്ട്. സ്വന്തമായി വീടില്ലാത്ത ഈ ദരിദ്രകുടുംബത്തിന് ഒരു വീട് നല്കുക എന്നതാണ് നാട്ടുകാരുടെ അടുത്ത ലക്ഷ്യം.