ബാൽക്കണിയിലെ കന്പികൾക്കിടയിൽ തലകുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിക്കാൻ പാടുപെടുമ്പോൾ മൊബൈലിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്ന പിതാവിനെ ട്രോളി സോഷ്യൽ മീഡിയ. സംഭവം നടന്നത് ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലാണ്. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നാലു വയസുകാരനായ ബാലന്റെ തല കന്പിയുടെ ഇടയിൽ കുടുങ്ങിയത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ പിതാവ് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു.
പരിക്കുകളൊന്നും കൂടാതെ കുട്ടിയെ രക്ഷിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശ്രമിച്ചുകൊണ്ടിരിക്കുന്പോൾ അലറിക്കരയുന്ന കുട്ടിയെ സമാധാനിപ്പിക്കുന്നതിനു പകരം കുട്ടിയുടെ സമീപമിരുന്ന് ഈ പിതാവ് മൊബൈലിൽ കുട്ടി കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പകർത്തുകയായിരുന്നു. തുടർന്ന് അര മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം രക്ഷാപ്രവർത്തകർ കന്പി മുറിച്ചു കുട്ടിയെ രക്ഷപെടുത്തിയതിനു ശേഷം മാത്രമാണ് പിതാവ് മൊബൈൽ ഫോണ് നിലത്തു വെച്ചത്.
ചൈനയിലെ സമൂഹമാധ്യമായ വെയ്ബോയാണ് ഈ സംഭവം പുറത്തറിയിച്ചത്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തുകയും ചെയ്തു.