കുറ്റ്യാടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് കുറ്റ്യാടി മേഖലയിലെ ഒരുക്കങ്ങൾ മന്ദഗതിയിൽ. നവംബർ ഏഴിനാണ് വടകര താലൂക്കിലെ നിയോജക മണ്ഡലങ്ങളിൽ “പടയൊരുക്ക’ത്തിന് സ്വീകരണം നൽകുന്നത്.
സമീപ പ്രദേശങ്ങളിലെ മറ്റ് നിയോജകമണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാകുന്പോഴും കുറ്റ്യാടി മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പ്രചാരണങ്ങൾ വേണ്ടത്ര സജീവല്ല. യാത്രക്ക് സ്വീകരണം നൽകുന്ന മണ്ഡലത്തിന്റെ ആസ്ഥാനമായ കുറ്റ്യാടിയിൽപോലും പ്രചരണ പ്രവർത്തനങ്ങൾ വേണ്ടത്ര എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആവശ്യത്തിന് പ്രചാരണ ബോർഡുകളോ പോസ്റ്ററുകളോ എവിടെയുമില്ല.
പടയൊരുക്കത്തിന്റെ ഭാഗമായി ഒരുകോടി ഒപ്പുശേഖരണ പരിപാടി നടത്തിയെങ്കിലും വാർഡ്, മണ്ഡലം തലങ്ങളിൽ ഈ പരിപാടിയും കാര്യക്ഷമമായിരുന്നില്ല. ബൂത്ത്, മണ്ഡലം തലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന നേതൃത്വത്തിന്റെ നിർദേശം പല കമ്മിറ്റികളും നടപ്പിലാക്കിയില്ല.
യുഡിഎഫിലെ മുഖ്യ ഘടകക്ഷികളായ കോണ്ഗ്രസും മുസ്ലിം ലീഗും തമ്മിൽ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന പടലപ്പിണക്കമാണ് പടയൊരുക്കത്തിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നതെന്ന് പ്രവർത്തകർക്ക് തന്നെ പരാതിയുണ്ട്.
വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രൻ സംഘടനാപരമായ ചുമതല കാരണം തിരക്കാലായതിനാൽ യാത്രയുടെ കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല. പിന്നെ യുഡിഎഫ് സംവിധാനത്തെ ഏകോപിപ്പിക്കേണ്ടത് താലൂക്കിലെ ഏക എംഎൽഎയാണ്. പലകാരണങ്ങൾകൊണ്ട് എംഎൽഎയുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടലുകൾ ഉണ്ടാകുന്നില്ല. യുഡിഎഫ് രാഷ്ട്രീയ രംഗത്ത് വലിയ മുന്നേറ്റം പ്രതീക്ഷിച്ച് സംഘടിപ്പിക്കുന്ന യാത്ര പ്രചാരണ പ്രവർത്തനങ്ങളുടെ അഭാവത്തിൽ കുറ്റ്യാടി മേഖലയിൽ നിറം കെട്ടുപോകുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ.