തളിപ്പറമ്പ്: ബക്കളം നെല്ലിയോട്ടെ അയ്യപ്പസേവാസംഘം ശബരിമല ഇടത്താവളം ഇത്തവണ സിപിഎം നിയന്ത്രണത്തില്‍ നടക്കും. ഐആര്‍പിസി ജില്ലാ സോണിന്റെ പേരിലായിരിക്കും 16 മുതല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രപരിസരത്ത് ഇടത്താവളം പ്രവർത്തിക്കുക. ഐആര്‍പിസിയുടെ മെഡിക്കല്‍ സെന്ററും ഇതോടൊപ്പമുണ്ടാകും. മൂന്ന് വര്‍ഷമായി അഖിലഭാരത അയ്യപ്പസേവാസംഘം നടത്തിവന്ന ഇടത്താവളമാണ് ഇത്തവണ സിപിഎം നിയന്ത്രണത്തില്‍ നടത്തുന്നത്. അഖിലഭാരത അയ്യപ്പസേവാസംഘം സംസ്ഥാന പ്രവര്‍ത്തക സമതി അംഗം കെ.സി.മണികണ്ഠൻ നായര്‍ക്കായിരിക്കും ഇടത്താവളത്തിന്റെ ചുമതല.
നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് സിപിഎം നേതാവും വിസ്മയപാര്‍ക്ക് ചെയര്‍മാനുമായ പി.വാസുദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന് , കെ.സന്തോഷ്, ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള, കെ.ദാമോദരന്‍, കെ.മുരളീധരന്, എ.രാജേഷ്, എം.രാജഗോപാലന്‍ എന്നീ സിപിഎം നേതാക്കളാണ് മുഖ്യമായും പങ്കെടുത്തത്.
പാര്‍ട്ടി പ്രവര്‍ത്തകനല്ലാതെ കെ.സി.മണികണ്ഠന്‍നായര്‍ മാത്രമാണ് യോഗത്തില്‍ സംബന്ധിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, കെ.കെ.രാഗേഷ് എംപി, പി.കെ.ശ്രീമതി എംപി, ജയിംസ്മാത്യു എംഎല്‍എ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു എന്നിവരാണ് രക്ഷാധികാരികള്‍. കെ.സി.മണികണ്ഠന്‍നായരെ ഉപദേശകസമിതി അംഗമായി നിലനിര്‍ത്തിയിട്ടുണ്ട്.
ശബരിമല മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി നെല്ലിയോട്ട് 10 കോടിയോളം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ തറക്കല്ലിടലും ഇത്തവണത്തെ ഇടത്താവളം ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. കഴിഞ്ഞ വര്‍ഷം ഐആര്‍പിസിയുടെ ബക്കളം സോണ്‍ കമ്മറ്റി ഇടത്താവളവുമായി സഹകരിച്ചിരുന്നു.
എന്നാല്‍ ഇടത്താവളം പദ്ധതിക്ക് വലിയ പ്രാധാന്യം നല്കുന്നതിനാല് പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇത്തവണ ജില്ലാ സോണിന് തന്നെയാണ് ചുമതല നല്‍കിയിരിക്കുന്നത്. അലോപ്പതി-ആയുര്‍വേദം-ഹോമിയോപ്പതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ആരോഗ്യകേന്ദ്രം ഇത്തവണ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും. ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും.
സിപിഎം നേരിട്ട് നടത്തിയാല്‍ ഇടത്താവളവും അന്നദാനകേന്ദ്രവും ഉദ്ദേശിക്കുന്ന രീതിയില്‍ വിജയിക്കില്ലെന്ന വിലയിരുത്തലാണ് ഇത്തവണ കൂടി അയ്യപ്പസേവാസംഘത്തെ സഹകരിപ്പിക്കുന്നത്. അയ്യപ്പസേവാസംഘത്തിന്റെ ലേബലില്‍ അല്ലെങ്കില്‍ സ്വാമിമാരെ ആകര്ഷിക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കഴിഞ്ഞവര്‍ഷം അയ്യപ്പസേവാസംഘം തളിപ്പറമ്പ് താലൂക്ക് യൂണിയന് പ്രസിഡന്റ് കൊയ്യം ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പരിയാരം കോരന്‍പീടികയിലും കെ.സി.മണികണ്ഠന്‍നായരുടെ നേതൃത്വത്തില്‍ ബക്കളത്തും രണ്ട് ഇടത്താവളങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത്തവണ കൊയ്യം ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പെരുമ്പ ഉമാമഹേശ്വരക്ഷേത്രപരിസരത്താണ് ഇടത്താവളം ആരംഭിക്കുന്നത്. 13 നാണ് ഈ ഇടത്താവളം പ്രവര്‍ത്തിച്ചു തുടങ്ങുക.