ബാലപീഡന കേസിലെ പ്രതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയതാണെന്നു പോലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട അടൂര്‍ കടമ്പനാട് തുവയൂര്‍ ചെറുക്കാറ്റു വീട്ടില്‍ രഞ്ജു കൃഷ്ണനെയാണു (32) കൂട്ടാളികള്‍ കൊലപ്പെടുത്തി കേരള -കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം കൊക്കയില്‍ തള്ളിയത്. സംഘത്തിലെ നാലുപേരെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു.
മലയിന്‍കീഴ് അരുവിപ്പാറ വിറകുവെട്ടിക്കൊണത്ത് വീട്ടില്‍ അഭിലാഷ് (31), വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക് (27), ആറ്റിപ്ര നെഹ്റു ജംഗ്ഷനില്‍ കൃതിക ഭവനില്‍ ഹരിലാല്‍ (37), ആക്കുളം മടത്തുവിള ലെയ്നില്‍ ഷാഹിര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നിര്‍ദേശപ്രകാരം കണ്ട്രോള് റൂം എസി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ഷാഡോ പോലീസാണു പ്രതികളെ അറസ്റ്റു ചെയ്തത്.
കൊല്ലപ്പെട്ടയാളും പിടിയിലായവരില്‍ മൂന്നുപേരും നഗരത്തിലെ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് പറഞ്ഞു. പോക്സോ കേസു കാരണം രഞ്ജു കൃഷ്ണ ഒളിവില്‍ പോയതായിരിക്കുമെന്നു കരുതുമെന്ന ധാരണയിലാണു സംഘം കൊലപാതകം ആസൂത്രണം ചെയ്തത്. ഏപ്രില്‍ 24-ന് മെഡിക്കല്‍ കോളജ് ഭാഗത്തെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന രഞ്ജുവിനെ നിര്‍ബന്ധിച്ചു മദ്യം കഴിപ്പിച്ചു സംഘം തന്ത്രപൂര്‍വം കാറില്‍ കയറ്റി വട്ടപ്പാറ ഭാഗത്തേക്കു കൊണ്ടുപോയി.
ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാറിലുണ്ടായിരുന്ന ഇരുമ്പ് വീല്‍ സ്പാനറും മറ്റും ഉപയോഗിച്ചു മര്‍ദിച്ചശേഷം കാറിന്റെ പിന്‍സീറ്റിലിരുത്തി നെയ്യാറ്റിന്‍കര ഭാഗത്തേക്കു കൊണ്ടുപോയി. അവിടെ വച്ചും മര്‍ദനം തുടര്‍ന്നു. തുടര്‍ന്നു മരണം ഉറപ്പാക്കിയശേഷം കരിക്കകം ഭാഗത്തെ അഭിലാഷിന്റെ വീട്ടിലെത്തി മൃതദേഹം മറവുചെയ്യുന്നതിനായി കാറിന്റെ ഡിക്കിയില്‍ കയറ്റി. ദീപക് കാറുമായി ഉള്ളൂരിലെത്തുകയും അവിടെ നിന്നു സുഹൃത്തായ ഷാഹിറിനെയും കൂട്ടി മാക്കൂട്ടത്തെത്തി മൃതദേഹം കൊക്കയിലേക്കു തള്ളുകയായിരുന്നു.
രഞ്ജുവിനെ പിടികൂടുന്നതിനായി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ 24 മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നു കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ ചില അസ്വാഭാവികത ബോധ്യപ്പെട്ട അന്വേഷണ സംഘം രഞ്ജുവിന്റെ സുഹൃത്തുക്കളെ നിരീക്ഷിച്ചു. കൊലപാതക സമയത്തും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്തും മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കിയ ഇവരെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ മൂന്നാറിലെ നല്ലതണ്ണി ഭാഗത്തെ ഹോംസ്റ്റേയില്‍ ഒളിവില്‍ കഴിയവെ ഷാഡോ പോലിസ് സംഘം വലയിലാക്കുകയായിരുന്നു.