തിരുവനന്തപുരം: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ട്രോമ കെയർ പദ്ധതി ആവിഷ്കരിക്കാൻ സർക്കാർ ഉന്നതതല യോഗം തീരുമാനിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ 48 മണിക്കൂർ നേരത്തേക്ക് രോഗിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്ന നിർദേശങ്ങളാണ് പരിഗണിക്കുന്നത്.
48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുളള പണം സർക്കാർ നല്കും. ഈ തുക പിന്നീട് ഇൻഷ്വറൻസ് കന്പനികളിൽനിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇൻഷ്വറൻസ് കന്പനികളുമായി ചർച്ച നടത്തിയ ശേഷം ഇതിന്റെ വിശദരൂപം തയാറാക്കും.
അപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തുന്ന ആർക്കും ചികിത്സ നിഷേധിക്കാൻ പാടില്ല. സാന്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കിൽ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടിൽനിന്ന് സർക്കാർ വഹിക്കണമെന്ന് നിർദേശിച്ചു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമ കെയർ സജ്ജീകരണമുണ്ടാക്കാനാണ് ഉദേശിക്കുന്നത്. അപകടത്തിൽപ്പെടുന്നവരെ താമസംകൂടാതെ വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുന്നതിന് പ്രത്യേക ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. ആംബുലൻസിൽ ആധുനിക സജ്ജീകരണങ്ങളുണ്ടായിരിക്കും. സ്വകാര്യ ഏജൻസികളിൽനിന്ന് ഇതിന് വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് ഉദേശിക്കുന്നത്.