ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് വെറുതെ പറയുന്നതല്ല. ഏതുകാലത്താണെങ്കിലും പഴയ ഓര്‍മ്മകള്‍ക്ക് വീര്യമേറും. സന്തോഷപ്രദമായ ഓര്‍മ്മകളാണെങ്കില്‍ പ്രത്യേകിച്ചും. പഴയ തലമുറയുടെ മനസില്‍ സമാനമായ രീതിയില്‍ മധുരം കിനിഞ്ഞുകൊണ്ട് തങ്ങിനില്‍ക്കുന്നതാണ് തിയറ്ററില്‍ പോയുള്ള അവരുടെ സിനിമ കാണല്‍. പഴയതലമുറയില്പെട്ട ആരോടെങ്കിലും ചോദിച്ചാല്‍ മനസിലാവും അക്കാലത്ത് ഒരു സിനിമ കാണാന്‍ പോവാന്‍ അവര്‍ അനിഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും പിന്നീട് കണ്ടിതനുശേഷം അവര്‍ അനുഭവിച്ച നിര്‍വചിക്കാനാവാത്ത സന്തോഷത്തെക്കുറിച്ചും. ഇത്തരത്തില്‍ ചെറുപ്പത്തില്‍ താനനുഭവിച്ച വര്‍ണ്ണിക്കാനാവാത്ത ഒരു അനുഭൂതിയെക്കുറിച്ച് ഒരു വ്യക്തി എഴുതിയ ഓര്‍മ്മകുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍, അടുത്തിടെ അന്തരിച്ച ഐവി ശശി എന്നിവര്‍ ഒന്നിച്ച ദേവാസുരം എന്ന സിനിമ കാണാന്‍ പോയതിന്റെ അനുഭവങ്ങളാണ് സുരേഷ്കുമാര്‍ രവീന്ദ്രന് എന്ന വ്യക്തി ഇവിടെ വിവരിക്കുന്നത്. അതിങ്ങനെയാണ്…
1993 ഏപ്രില്‍ 14 ബുധനാഴ്ച്ച
രാവിലെ മുതല്‍ ചിരിയും കളിയുമായി കറങ്ങി നടക്കുകയാണ്, ഒപ്പം ഒരു 100ഗ്രാം കായഡപ്പിയും കയ്യില്‍ ഉണ്ട്. വിഷുപ്പിരിവ് ആണ് ലക്ഷ്യം. ആ ദിവസ്സമൊഴിച്ച് വേറെ എന്നായാലും, ആ പണിക്ക് തെണ്ടല് എന്നാണ് മലയാളത്തിലെ വിളിപ്പേര്. വിഷു ദിവസ്സം അതിന്റെ ഓമനപ്പേര് കൈനീട്ടം എന്നായത് കൊണ്ട്, വീട്ടുകാരും അതിനെ കുറ്റം പറയില്ലായിരുന്നു. എന്തായാലും രാവിലെ തന്നെ ഏതാണ്ട് 20 രൂപയോളം സമ്പാദിച്ചു. കൂട്ടത്തില്‍ ഒരു ബന്ധുവിന്റെ ഒപ്പം സിനിമ കാണാന്‍ പോകാനുള്ള അനുവാദവും കിട്ടി. ഒന്ന് രണ്ടു വമ്പന്‍ ചിത്രങ്ങളുടെ റിലീസ് ഇന്നാണ്. മോഹന്‍ലാലിന്റെ ദേവാസുരവും, കമല്‍ഹാസന്റെ കലൈന്ജനും(ഇന്ദ്രജിത്). ദേവാസുരം അതുല്യയിലും, കലൈന്ജന് അഞ്ജലിയിലും.
ബന്ധുക്കാരനേയും കൂട്ടി, തീയറ്റര്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു. കിഴക്കേക്കോട്ട രാജധാനി കോമ്പ്ലെക്സിന് സമീപമെത്തിയപ്പോള്‍ അയാള്‍ക്ക് ഒരു സൈഡ് വലിവ് വരുന്നതായി തോന്നി. ന്യൂട്ടന്റെ ഭൂഗുരുത്വാകര്‍ഷണം തെറ്റാണെന്ന് തെളിയിക്കുന്ന രീതിയിലെ ആ പ്രതിഭാസം എന്ത് കൊണ്ട് സംഭവിക്കുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചപ്പോള്‍ എന്റെ വലത്തേ ചെവിയുടെ മുകളില്‍ ഒരു വൃത്തം തെളിഞ്ഞു വന്നു. അതിനുള്ളില്‍ രാജധാനി ബാര്‍ എന്ന് എഴുതിക്കാണിച്ചു. അതെ. അയാളുടെ ലക്ഷ്യം ബാര്‍ തന്നെയാണ്. അല്ലേലും അയാളെ ഒഴിവാക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു ഞാന്‍ .മാത്രമല്ല, നമ്മളുടെ കുട്ടിപ്പട്ടാളം കഴിഞ്ഞ ക്രിസ്തുമസ്സിന് വിയറ്റ്നാം കോളനി യ്ക്ക് ഇടിച്ചു കയറി ടിക്കറ്റ് എടുത്ത ചരിത്രവും ഉണ്ട്. പിന്നെ എന്തിനാ ഇയാള്‍ ?
ചേട്ടാ വേറെ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ ചേട്ടന് പൊയ്ക്കോ ഞാന്‍ സിനിമ കാണാന്‍ ഒറ്റയ്ക്ക് പൊയ്ക്കോളാം. വേണ്ട നിന്റെ വീട്ടുകാര്‍ എന്നെ കരുതിയാണ്, നിന്നെ എന്റെയൊപ്പം വിട്ടത് ശരിയാവില്ല നീ ഇവിടെ നില്ക്ക് എന്റെ ഒരു കൂട്ടുകാരന് ഇവിടെ എവിടെയോ ഉണ്ട് ഞാന്‍ അവനെ ഒന്ന് കണ്ടിട്ട് വരാം.
20 രൂപ കൈവശം ഉണ്ട്. സിനിമയ്ക്ക് 10 രൂപ പോലും ആകില്ല. അഞ്ചോ ആറോ രൂപ അയാള്‍ക്ക് കൊടുത്തു എന്ന് വച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞാന്‍ കാശെറിഞ്ഞു. താളവട്ടം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ജഗതീ ശ്രീകുമാറിന്റെ കഥാപാത്രത്തെ കാശ് കൊടുത്തു മയക്കുന്ന പോലെ ”നീ എന്നെ നശിപ്പിച്ചേ അടങ്ങു അല്ലേടാ എന്ന ഒരു ഭാവത്തില്‍ ആ ചേട്ടന് എന്നെ ഒറ്റയ്ക്ക് പോകാന്‍ അനുവദിച്ചു. പിന്നെ അവിടെ നിന്ന് ഞാന്‍ ഒരു ഓട്ടം ആയിരുന്നു. ഒരു ചെറിയ അപ്രത്യക്ഷ-പ്രത്യക്ഷ കലാപരിപാടിയിലൂടെ ഞാന്‍ എസ്.എല്‍ (അഞ്ജലി-അതുല്യ-ആതിര-അശ്വതി) തീയറ്റര്‍ കോമ്പ്ലെക്സില്‍ എത്തി. ദേവാസുരം സിനിമ കാണാന്‍ ഇനിയിപ്പോ സാക്ഷാല്‍ ലാലേട്ടന് തന്നെ വന്നാല്‍ പോലും, ആ അതിനിപ്പോ എന്ത് വേണം ? അങ്ങോട്ട് മാറി നില്ല് സച്ചീ ( നാടോടിക്കാറ്റ് സിനിമയില്‍ ഐ.വി.ശശി, ശ്രീനിവാസനോട് പറയുന്ന രീതി) എന്ന് പറഞ്ഞു മാറ്റി നിര്‍ത്തും. അത്ര തിരക്ക്. കലൈന്ജനും സാമാന്യം നല്ല തിരക്ക്.
കുടിയനാണെങ്കിലും, കൂടെ വന്ന ആ ചേട്ടനെ വിടണ്ടായിരുന്നു. ആരെ കൊന്നെങ്കിലും അയാള്‍ ടിക്കറ്റ് എടുക്കുമായിരുന്നു. ഇതിപ്പോ, തിരിച്ചു പോകേണ്ട അവസ്ഥ തന്നെ. ഇങ്ങനെയൊക്കെ ആലോചിച്ച് നില്‍ക്കുമ്പോഴാണ് ഒരു അത്ഭുതം സംഭവിച്ചത് ! എനിക്ക് അന്തം വിടാന്‍ ഒരു അവസരം എന്നോണം, അതുല്യ (ദേവാസുരം) തീയറ്ററിന്റെ ക്യൂവില്‍ നിന്നും എല്ലാവരും ഇടിച്ചു തള്ളി അഞ്ജലി (കലൈന്ജന് ) തീയറ്ററിന്റെ ക്യൂവില്‍ കയറുന്നു. മംഗലശ്ശേരി നീലകണ്ഠനെ കാണാനുള്ള ക്യൂവില്‍ വെറും നാലോ മൂന്നോ പേര് കാണും. കാര്യ വിവരം ഇല്ലാത്ത ഞാന്‍ ഓടിച്ചെന്ന് ആ ക്യൂവില്‍ കയറി. ഒപ്പം മുന്നില്‍ നില്ക്കുന്ന ചേട്ടനോട് ചോദിച്ചു എന്ത് പറ്റി ചേട്ടാ ? ചേട്ടന് : ഇതിന്റെ പെട്ടി വന്നില്ലഡേയ് ആദ്യത്തെ ഷോ കാണോന്ന് അറിഞ്ഞൂടാ, ഈശ്വരാ ചതിച്ചോ ഒരു ഫിലിം പെട്ടിയ്ക്ക് ഇത്രത്തോളം സ്ഥാനമുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.
പലതരം വികാര-വിചാര തിരതള്ളലില്‍ പെട്ട് ഏതാണ്ട് അരമണിക്കൂര്‍ മാറിക്കിട്ടി. അതാ ഒരു കെട്ട് ടിക്കറ്റും കൊണ്ട് ഒരാള്‍ നടന്ന് വരുന്നു. എന്റെ മുന്നില്‍ നിന്ന ആള് ഉറക്കെ വിളിച്ചു കൂവുന്നു പെട്ടി വന്നു പെട്ടി വന്നു ലാലേട്ടന് കീ ജയ്… മരുഭൂമിയില്‍ കുടിവെള്ളം കിട്ടിയാല്‍ പോലും ഇത്രയും സന്തോഷം തോന്നില്ല. എവിടെ നിന്നോ ഒരു കൂട്ടം ജനങ്ങള്‍ ക്യൂവില്‍ എന്റെ പിറകെ നിരന്നു. ഞാന്‍ അന്തസായിട്ട് ടിക്കറ്റ് എടുത്ത്, ലോകം കീഴടക്കിയ സന്തോഷത്തോടെ തീയറ്ററില്‍ കയറി.
അനുഗ്രഹ സിനി ആര്‍ട്സിന്റെ ബാനറില്‍ വി.ബി.കെ.മേനോന് അവതരിപ്പിക്കുന്ന… തീയറ്ററിനുള്ളില്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം തൃശ്ശൂര്‍ പൂരം തന്നെയായായിരുന്നു ! അന്ന് ത്രില്ലടിച്ചു ചാകാതെ, ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ആലോചിക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടുന്ന പ്രതീതി.
സിനിമ കഴിഞ്ഞു തിരികെ വീട്ടില്‍ എത്തിയപ്പോള്‍ , ആ ഏരിയ മുഴുവന്‍ എന്നെയും കാത്തു നില്‍ക്കുകയായിരുന്നു ! എന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങി, കള്ള് മോന്തിയ, ആ ചേട്ടന് എന്നെ ചതിച്ചു. വീട്ടുകാരും, മറ്റുള്ളവരും ഒക്കെ ചേര്‍ന്ന് എന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മ കൈ ഓങ്ങിക്കൊണ്ട് അടുത്തേക്ക് വരുകയും ചെയ്യുന്നു പക്ഷെ ഞാനുണ്ടോ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു ? മനസ്സ് നിറയെ മംഗലശ്ശേരി നീലകണ്ഠന് അല്ലെ! മംഗലശ്ശേരി നീലകണ്ഠന്! ചത്താലും പ്രശ്നമില്ല എന്ന അന്നത്തെ മാനസികാവസ്ഥയ്ക്ക് പകരം വയ്ക്കാന്‍ ഒന്നും ഇല്ലായിരുന്നു.