സിനിമയിൽ നായകൻ നായികയ്ക്ക് ഫോണ്‍ നന്പർ നൽകുന്ന രംഗം കാരണം താറുമാറായത് സാധാരണക്കാരനായ ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെ ജീവിതം. അടുത്തിടെ റിലീസ് ചെയ്ത ബംഗ്ലാദേശി സൂപ്പർതാരമായ ഷാകിബ് ഖാന്റെ രാജ്നീതി എന്ന ചിത്രത്തിലാണ് പ്രസ്തുത രംഗം. നായകൻ തന്റെ ഫോണ്‍ നന്പർ നായികയ്ക്ക് നൽകുന്നതായിരുന്നു ഇതിൽ.
സിനിമ കണ്ട ഷാകിബ് ഖാന്റെ ആരാധകർ ഈ ഫോണ്‍ നന്പർ കുറിച്ചെടുത്ത് അദ്ദേഹമാണെന്നു കരുതി ഫോണ്‍ വിളിക്കാനും ആരംഭിച്ചു. എന്നാൽ പണി കിട്ടിയതാകട്ടെ സാധാരണക്കാരനായ ലിജാജുൾ മിയ എന്ന ഓട്ടോറിക്ഷ ഡ്രൈവർക്കും.
ഷാകിബിന്റെ ആരാധികമാർ മാറിമാറി ഈ നന്പരിലേക്ക് വിളിക്കുവാൻ ആരംഭിച്ചു. ദിവസേന നൂറുകണക്കിന് സ്ത്രീകളുടെ ഫോണ്‍ കോളുകൾ നിർത്താതെ എത്തിയതോടെ അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും പിണങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന് ഒരു കുട്ടിയുമുണ്ട്.
തനിക്ക് ഈ മൊബൈൽ ഫോണ്‍ നന്പർ മാറാൻ സാധിക്കില്ല എന്നാണ് മിയ പറയുന്നത്. കാരണം യാത്രക്കായി ആവശ്യക്കാർ വിളിക്കുന്നത് ഈ നന്പരിലാണ്. നന്പർ മാറിയാൽ അത് എന്റെ ബിസിനസിനെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഫോണ്‍ കോളുകൾ കാരണം പൊറുതിമുട്ടിയ മിയ, ഷാകിബ് ഖാന്റെ പക്കൽ നിന്നും നഷ്ടപരിഹാരമായി അഞ്ചു മില്യണ്‍ തക( ബംഗ്ലാദേശ് കറൻസി) വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പരാതിയിന്മേൽ അനുകൂലമായ വിധി കോടതി നടപ്പാക്കിയിട്ടില്ല. എന്നാൽ ഇതിൽ അന്വേഷണം നടത്തണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.