വടകര: ഒടുവിൽ അഭിനന്ദിന്റെ വീട്ടിൽ വൈദ്യുതിയുടെ വെള്ളിവെളിച്ചം. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കന്ററി സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥി അഭിനന്ദിന്റെ വീട്ടിൽ സ്കൂൾ ഉൗർജ ക്ലബ്ബിന്റെ പ്രവർത്തനഫലമായി വൈദ്യുതി എത്തി. തിരുവള്ളൂർ തുരുത്തിയിലെ നെല്ലിയുള്ള പറന്പത്ത് നാണുവിന്റെ മകനാണ് അഭിനന്ദ്.
നാലു സെന്റ് ലക്ഷംവീട് കോളനിയിൽ കുടുംബം താമസം ആരംഭിച്ചിട്ട് പതിനേഴ് വർഷമായി. അന്നുമുതൽ പല കാരണങ്ങളാൽ താമസ സ്ഥലത്തിനു പട്ടയം ലഭിച്ചില്ല. പട്ടയമില്ലാത്തതിനാൽ വീട്ടിൽ വൈദ്യുതി കണക്ഷനുമില്ല. സ്കൂൾ ഉൗർജ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ വിദ്യാർഥികളുടെയും വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കായി സർവേ നടത്തിയപ്പോഴാണ് അഭിനന്ദന്റെ വീട്ടിൽ വൈദ്യുതിയില്ലാത്ത വിവരം അറിയുന്നത്.
നാണുവിനു പട്ടയം ലഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉൗർജ ക്ലബ്ബ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ വടകര തഹസിൽദാർക്ക് അപേക്ഷ നൽകി. ഇതേ ആവശ്യവുമായി ഭരണകക്ഷി നേതാക്കളെയും ബന്ധപ്പെട്ടു. വിദ്യാർഥിയുടെ പഠന അവശ്യം ബോധ്യപ്പെട്ട തഹസിൽദാർ അനുകൂല നിലപാടെടുത്തതോടെ നാണുവിന് പട്ടയം ലഭിച്ചു.
പിന്നീട് കഐസ്ഇബിയോടായി ഉൗർജ ക്ലബിന്റെ അപേക്ഷ. തിരുവള്ളൂർ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ കെ.അജേഷ് പ്രത്യേക താൽപര്യമെടുത്ത് ഉടൻതന്നെ അഭിനന്ദന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുകയായിരുന്നു. ആഹ്ലാദം പങ്കിടാൻ ഉൗർജ ക്ലബ്ബംഗങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരും അഭിനന്ദിന്റെ വീട്ടിൽ എത്തി. ഉൗർജ ക്ലബ് വക അവന് എൽഇഡി ബൾബ് സമ്മാനമായി നൽകുകയും ചെയ്തു.