വാടാനപ്പള്ളി: തൃത്തല്ലൂർ മുളു ബസാറിൽ ബന്ധുവായ ഗൃഹനാഥനെയും മകനെയും വെട്ടി പരിക്കേൽപിച്ച കേസിൽ യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുളുബസാർ സ്വദേശി പണിക്കവീട്ടിൽ ഹാഷിമിനെയാണ് എസ്ഐ ഡി.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
അക്രമത്തിനുപയോഗിച്ച വാളും പോലീസ് കണ്ടെടുത്തു. പ്രതിയായ ഹാഷിമിന്റെ അയൽവാസിയും പിതൃസഹോദരനുമായ പണിക്കവീട്ടിൽ ഷംസുദീൻ, മകൻ റിയാസ് എന്നിവരെ വെട്ടി പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്പതരയോടെയാണ് കേസിനാസ്പദമായ സംഭവം.
പ്രതിയായ ഹാഷിംമും പിതൃസഹോദരൻ ഷംസുദീനും തമ്മിൽ കുറച്ചു കാലമായി അതിർത്തി തർക്കമുണ്ടായിരുന്നു. ഈ പ്രശ്നം രമ്യതയിലെത്തിക്കാൻ പോലീസും ഇടപെട്ടിരുന്നു. എന്നാൽ പിതൃസഹോദരന്റെ വീടിനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് ബഹളമായപ്പോൾ പുറത്തിറങ്ങിയ ഷംസുദീനെ ഇയാൾ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെട്ടേറ്റ് ഷംസുദീന്റെ കൈപ്പത്തിക്ക് സാരമായി പരിക്കേറ്റു. മകൻ റിയാസിന് ആക്രമണം തടയാൻ ശ്രമിക്കുന്പോഴാണ് പരിക്കേറ്റത്. ഇവരെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.