‘ഹാദിയ മോഡല്‍’ രാജസ്ഥാനിലും; മുസ്ലിമിനെ വിവാഹം കഴിച്ചെന്നറിയിച്ച 22 കാരി ഹിന്ദു യുവതിയെ കോടതി ഹോസ്റ്റലിലേക്ക് അയച്ചു

ജയ്പുര്‍: കേരളത്തില്‍ ആളിക്കത്തുന്ന ഹാദിയ കേസിനു സമാനമായ സംഭവം രാജസ്ഥാനിലും നടന്നതായി വിവരം. ബുര്‍ഖ അണിഞ്ഞു കോടതിയില്‍ ഹാജരായി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചെന്നറിയിച്ച 22 വയസുകാരിയായ ഹിന്ദു യുവതിയെ രാജസ്ഥാന്‍ ഹൈക്കോടതി സര്‍ക്കാര്‍ ഹോസ്റ്റലിലേക്ക് അയച്ചു. വിവാഹത്തിനെതിരേ പായല്‍ സങ്‌വി എന്ന യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തീരുമാനമുണ്ടാകുംവരെ ഹോസ്റ്റലില്‍ തുടരാനാണ് ഉത്തരവ്.

പായലിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും വിവാഹം തട്ടിപ്പാണെന്നുമാണു വീട്ടുകാരുടെ പരാതി. കേരളത്തിലെ ഹാദിയ കേസില്‍ ഉണ്ടായ സംഭവങ്ങള്‍ക്കു സമാനമാണു രാജസ്ഥാനിലെ വിവാദവും. രാജസ്ഥാന്‍ സര്‍ക്കാര്‍ മതപരിവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച ജസ്റ്റിസുമാരായ ഗോപാല്‍കൃഷ്ണ വ്യാസ്, മനോജ് കുമാര്‍ ഗ്രാഗ് എന്നിവരുടെ ബെഞ്ച് ഇതിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് എന്തെങ്കിലും നിയമമുണ്ടോ എന്നും ആരാഞ്ഞു.

തന്റെ സഹോദരിയെ ഒക്‌ടോബര്‍ 25 മുതല്‍ വീട്ടില്‍നിന്നു കാണാതായി എന്നാണു പായല്‍ സങ്‌വിയുടെ സഹോദരന്‍ ചിരാഗ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. പോലീസില്‍ പരാതിനല്‍കിയപ്പോള്‍ ഏപ്രിലില്‍ ഫായിസ് മുഹമ്മദ് എന്നയാളെ വിവാഹം ചെയ്തുവെന്ന് പായല്‍ എഴുതിനല്‍കി. തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ ചിരാഗ് കോടതിയെ സമീപിക്കുകയായിരുന്നു. സമന്‍സിനെത്തുടര്‍ന്ന് പായല്‍ കോടതിയില്‍ നേരിട്ടു ഹാജരായി.ഒക്‌ടോബര്‍ 25 വരെ തങ്ങളുടെ കൂടെ ജീവിച്ച പായല്‍ എങ്ങനെ ഏപ്രിലില്‍ ഇസ്ലാമിലേക്കു മതം മാറുമെന്ന് വീട്ടുകാര്‍ ആരാഞ്ഞു.

തുടര്‍ന്നു പോലീസിനെ ശകാരിച്ച കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പത്തുരൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ് മൂലം നല്‍കിയാല്‍ മതപരിവര്‍ത്തനം എങ്ങനെ സാധുതയുള്ളതാകുമെന്നും ഇത്തരത്തിലാണെങ്കില്‍ നാളെ മുതല്‍ തന്നെ ഗോപാല്‍ മുഹമ്മദ് എന്നുവിളിക്കാമല്ലോ എന്നും ജസ്റ്റിസ് ഗോപാല്‍ കൃഷ്ണ വ്യാസ് പറഞ്ഞു. തിങ്കളാഴ്ചയാണ് അടുത്ത ഹിയറിങ്. അതുവരെ പായലിനെ എല്ലാവിധ സുരക്ഷയോടെയും ഹോസ്റ്റലില്‍ താമസിപ്പിക്കണമെന്നും കാണാന്‍ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു. എന്തായാലും സംഭവം ചര്‍ച്ചകള്‍ക്കു വഴിവച്ചിട്ടുണ്ട്.

 

Related posts