ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം വ്യാപാരമേഖലയിലേക്കും കടന്നു. ഇന്ത്യയും ചൈനയും ഡോക ലായിൽ മുഖാമുഖം നിന്നശേഷം ചൈനയിൽനിന്നുള്ള പല ഇനങ്ങളുടെയും ഇറക്കുമതിക്കു നിയന്ത്രണവും പിഴച്ചുങ്കവും ചുമത്തി.
ഇന്ത്യ -ചൈന വ്യാപാരം പ്രായോഗികമായി ചൈന ഇന്ത്യയിലേക്കു വലിയ അളവിൽ സാധനങ്ങൾ കയറ്റി അയയ്ക്കുന്നതിൽ ഒതുങ്ങുന്നു. 2016-17-ൽ ചൈന ഇന്ത്യയിലേക്ക് 6128 കോടി ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇന്ത്യയിൽനിന്നു വാങ്ങിയതാകട്ടെ 1020 കോടി ഡോളറിന്റെ സാധനങ്ങൾ മാത്രം. വ്യാപാര ബന്ധത്തിലെ ഈ അസന്തുലനം കുറയ്ക്കണമെന്ന ആഗ്രഹവും ഇന്ത്യയുടെ നടപടിക്കു പിന്നിലുണ്ട്. ചില കാര്യങ്ങളിൽ ഇന്ത്യയിലെ വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന ഉന്നവും ഉണ്ട്.
ചൈന പക്ഷേ ഇന്ത്യയുടെ ഭീഷണികൾ ഗൗനിക്കുന്നതേ ഇല്ലെന്നതാണു സത്യം. ഇന്ത്യയിലേക്കുള്ളതു ചൈനയുടെ മൊത്തം കയറ്റുമതിയുടെ രണ്ടു ശതമാനമേ വരൂ. ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയ ചൈനീസ് ഉത്പന്നങ്ങൾ
1. കളിപ്പാട്ടങ്ങൾ: ഇവയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു. പരിശോധന കർശനമാക്കി. ഇതോടെ ഇറക്കുമതി പകുതിയിൽ താഴെയായി. കഴിഞ്ഞ വർഷം 3,500 കോടിയിലേറെ രൂപയുടെ കളിപ്പാട്ടങ്ങൾ ചൈനയിൽനിന്നു വന്നിരുന്നു.
2. ബലപ്പെടുത്തിയ ഗ്ലാസ്: മൊബൈൽ ഫോണിന്റെ സ്ക്രീനിൽ ഉപയോഗിക്കുന്ന ബലപ്പെടുത്തിയ ഗ്ലാസിന് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി. ചൈനയിലെ സാധാരണ വിലയേക്കാൾ താഴ്ത്തിയാണ് ഇവ ഇന്ത്യയിൽ വിറ്റിരുന്നത്. ഇന്ത്യൻ നിർമാതാക്കളെ സഹായിക്കാനാണ് അഞ്ചു വർഷത്തേക്ക് പിഴച്ചുങ്കം.
3. ടയർ: ബസുകൾക്കും ട്രക്കുകൾക്കുമുള്ള റേഡിയൽ ടയറിനും പിഴച്ചുങ്കം. വിലകുറച്ചുള്ള വില്പന ഇന്ത്യൻ നിർമാതാക്കൾക്കു ബുദ്ധിമുട്ട് വരുത്തിയ സാഹചര്യത്തിലാണിത്.
4. മൊബൈൽ ഫോൺ: ഫോണുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഉറപ്പുവരുത്താൻ തക്ക നടപടികൾ ഉണ്ടെങ്കിലേ സ്മാർട് ഫോണുകൾ വിൽക്കാൻ അനുവദിക്കൂ എന്ന് 21 ഫോൺ നിർമാതാക്കൾക്കു കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ വിവരങ്ങൾ ഫോൺ വഴി ചോർത്തുന്നതിനുള്ള പ്രതിരോധ സംവിധാനം ഫോണിൽ വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു.
5. വൈദ്യതോത്പാദനം, വിതരണം : വൈദ്യുതിയുടെ ഉത്പാദന – വിതരണ മേഖലകളിൽ ചൈനീസ് കന്പനികളുടെ പ്രവേശനത്തിനു പല തടസങ്ങളും ഉയർത്തിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറൻസ് ഉള്ള കന്പനികളെയേ അനുവദിക്കൂ. ചൈനീസ് കന്പനിക്ക് കരാർ ലഭിച്ചാലും ഭൂരിപക്ഷം ജോലിക്കാരും മാനേജർമാരും ഇന്ത്യക്കാരാകണമെന്നും വ്യവസ്ഥ വച്ചു.