സിജോ പൈനാടത്ത്
ഭാരതസഭയുടെ പ്രാർഥനാവഴികളെല്ലാം ഇന്ന് ഇൻഡോറിലേക്ക്. കൃതജ്ഞതയുടെ ഈ പകലിൽ ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി, സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ.ഇൻഡോർ സെന്റ് പോൾ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ വേദിയിൽ രാവിലെ പത്തിനു വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപന ചടങ്ങുകൾ ആരംഭിച്ചു. വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന, കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. മാർപാപ്പയുടെ പ്രഖ്യാപനം റാഞ്ചി ആർച്ച്ബിഷപ് ഡോ. ടെലസ്ഫോർ ടോപ്പോ ഹിന്ദിയിൽ പരിഭാഷപ്പെടുത്തും. തുടർന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം.
സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയോഡർ മസ്കരനാസ് എന്നി വ രുൾപ്പെടെ രാജ്യത്തും പുറത്തും നിന്നുമായി അന്പതോളം മെത്രാന്മാർ ശുശ്രൂഷകളിൽ സഹകാർമികരാകും.
പ്രാർഥനാനൃത്തത്തോടെയാണു മുഖ്യകാർമികനെയും സഹകാർമികരെയും വേദിയിലേക്ക് ആനയിക്കുന്നത്. പ്രദക്ഷിണം, വിശുദ്ധ ഗ്രന്ഥ വായനകൾ, കാഴ്ചസമർപ്പണം, പ്രാർഥനകൾ എന്നിവയിൽ കേരളത്തിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലോക്സഭാ സ്പീക്കറും ഇൻഡോർ എംപിയുമായ സുമിത്ര മഹാജൻ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖർ പ്രസംഗിക്കും.
മാർ തോമ്മാശ്ലീഹ, വിശുദ്ധ ഗോണ്സാലിയോ ഗാർസിയ, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള എന്നിവരാണു ഭാരതസഭയിലെ മറ്റു രക്തസാക്ഷികൾ.ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ (എഫ്സിസി) സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ റാണി മരിയ മധ്യപ്രദേശിലെ ഇൻഡോർ ഉദയ്നഗർ കേന്ദ്രീകരിച്ചാണു സേവനം ചെയ്തിരുന്നത്.
1995 ഫെബ്രുവരി 25നു ഇൻഡോർ-ഉദയ്നഗർ റൂട്ടിൽ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമന്ദർസിംഗിന്റെ കത്തിക്കിരയായി സിസ്റ്റർ റാണി മരിയ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.