ന്യൂഡൽഹി: വിജയ് നായകനായെത്തിയ കോളിവുഡ് ചിത്രം മെർസലിനെതിരെയുള്ള വിവാദം കെട്ടടങ്ങും മുന്‍പേ മറ്റൊരു സിനിമ കൂടി ചർച്ചകളിൽ സജീവമാകുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നായികയായിട്ടുള്ള പദ്മാവതി എന്ന ചിത്രത്തിനെതിരേയാണ് ആരോപണം. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിൽ ചിറ്റോറിലെ രാജ്ഞിയെ പദ്മാവതി സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ചിത്രം ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. റിലീസിനു മുന്‍പേ ചിത്രം ബിജെപി നേതാക്കൾക്കും മറ്റു മതസംഘടനാ നേതാക്കൾക്കുമായി പ്രദർശിപ്പിക്കണെമെന്ന് ബിജെപി ഗുജറാത്ത് ഘടകം വക്താവ് ഐ.കെ. ജഡേജ ആവശ്യപ്പെട്ടു.
“പദ്മാവതിയും അലാവുദീൻ ഖിൽജിയും ഒരിക്കലും നേരിൽ കണ്ടിട്ടില്ല. ചിത്രം ജനങ്ങൾക്കു മുന്പിൽ എത്തുംമുന്പേ ക്ഷത്രിയ സംഘടനാ നേതാക്കളുൾപ്പെടെയുള്ളവർക്കു മുന്പിൽ പ്രദർശിപ്പിച്ച് സന്ദേഹങ്ങൾ അകറ്റാൻ അണിയറപ്രവർത്തകർ തയാറാകണം. അതിനു തയാറാകുന്നില്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം സർക്കാർ നിരോധിക്കുകയാണു വേണ്ടത്”- ജഡേജ പറഞ്ഞു. അതേസമയം ’പദ്മാവതി’യുടെ റിലീസിങിന് താത്കാലിക വിലക്കേർപ്പെടുത്തണമെന്ന ഐ.കെ. ജഡേജയുടെ ആവശ്യം ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തളളി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിനിമ റിലീസ് ചെയ്യുന്നത് അനാവശ്യ സംഘർഷങ്ങൾക്ക് കാരണമാകുമെന്നായിരുന്നു ബിജെപിയുടെ വാദം
ചിത്രത്തെ സംബന്ധിച്ചുള്ള വിവാദം നീക്കുന്നതിനായി ഒരു കമ്മിറ്റി രൂപികരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ഉമാ ഭാരതിയും രംഗത്ത് എത്തിയിട്ടുണ്ട്. ചരിത്രകാരന്മാർ, ചിത്രത്തിനെതിരേ പ്രതിഷേധം നടത്തുന്നവർ, സിനിമ പ്രവർത്തകർ, സെൻസർ ബോർഡ് അംഗങ്ങൾ തുടങ്ങിയവരടങ്ങിയ കമ്മിറ്റിയുടെ മുന്നിൽ സിനിമ പ്രദർശിപ്പിക്കണമെന്നാണ് ഉമാ ഭാരതി മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
അതേസമയം ചിത്രം റിലീസ് ചെയ്യുന്ന ദിവസം ജെയ്പൂരിലെ ചിറ്റോർഗഡിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൗഹാർ സ്മൃതി സംസ്താൻ എന്ന സംഘടനയാണ് ബന്ദ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നിന് ആണ് ചിത്രത്തിന്റെ റിലീസ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിലാണ് ബന്ദ് ആഹ്വാനം പ്രചരിച്ച് തുടങ്ങിയത്. രാജസ്ഥാനിലെ രജപുത്രന്മരുടെ സംഘടനയായ കർണി സേന അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിയിൽ കർണിസേന പത്മാവതിയുടെ ഷൂട്ടിംഗ് സെറ്റിൽ അക്രമം നടത്തുകയും കാമറകൾനശിപ്പിക്കുകയും ചെയ്തിരുന്നു.
സിനിമയ്ക്കെതിരെ രജപുത് വിഭാഗക്കാർ ചിറ്റോർഗഡിൽ പ്രതിഷേധ പ്രകടനം നടത്തി. ചിറ്റോർഗഡ് കളക്ടറേറ്റിന് മുന്നിൽ സമാപിച്ച പ്രകടനത്തിൽ സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും കോലം കത്തിച്ചു.
ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീർ സിംഗാണ് അലാവുദ്ദീൻ ഖിൽജിയാകുന്നത്. റാണി പത്മിനിയുടെ ഭർത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതൽമുടക്കിലാണ് ചിത്രീകരിച്ചത്. ബൻസാലി പ്രൊഡക്ഷൻസും വിയാകോം 18 പിക്ചേഴ്സും ചേർന്നാണ് നിർമിക്കുന്നത്.