കോട്ടയം: മേലുദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം ജോലിയിൽ തിരികെ പ്രവേശിക്കാനാകാതെ കെഎസ്ആർടിസി ജീവനക്കാരി. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ അപ്ഹോ ൾസ്റ്ററി ജീവനക്കാരി മാഞ്ഞൂർ തട്ടാംപറന്പിൽ കെ. രേഖാമോൾക്കാണു ദുരനുഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി രേഖാമോൾ കെഎസ്ആർടിസി പാലാ ഡിപ്പോയിലാണു അപ്ഹോൾസ്റ്ററി ജോലികൾ ചെയ്യുന്നത്.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിനു ബൈക്കിടിച്ചു രേഖയുടെ വലതുകൈക്കു പൊട്ടലുണ്ടായി. ഇതോടെ ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമായി. ഒരുമാസത്തിനുശേഷം ഒക്ടോബർ ഏഴിനു കൈയിലെ പ്ലാസ്റ്റർ അഴിച്ചുമാറ്റുകയും തുടർന്നു രേഖയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു കാണിച്ചു ഡോക്ടർ റിപ്പോർട്ട് നല്കുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി രേഖാമോൾ റിപ്പോർട്ട് പാലാ ഡിപ്പോയിലെ ബന്ധപ്പെട്ട അധികൃതകർക്കു കൈമാറി.
ഈ റിപ്പോർട്ട് പാലാ ഡിപ്പോയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരുവനന്തപുരത്തുള്ള ചീഫ് ഓഫീസിലേക്കു അയച്ചു കൊടുത്തെങ്കിൽ മാത്രമേ ജോലിയിൽ തിരികെ പ്രവേശിക്കാൻ ഉത്തരവ് ലഭിക്കുകയുള്ളൂ.എന്നാൽ മേലുദ്യോഗസ്ഥർ റിപ്പോർട്ട് ചീഫ് ഓഫീസിലെ മറ്റൊരു സെക്ഷനിലേക്കാണു അയച്ചത്. ഇതോടെ 25 ദിവസങ്ങൾ കഴിഞ്ഞിട്ടും രേഖാമോൾക്കു തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ല.
ഉത്തരവ് ലഭിക്കാതെ വന്നതോടെ രേഖാമോൾ തിരുവനന്തപുരത്തുള്ള ചീഫ് ഓഫീസിൽ നിരവധി തവണ ബന്ധപ്പെട്ടു കഴിഞ്ഞപ്പോഴാണു പാലായിൽനിന്നും അയച്ച റിപ്പോർട്ട് മറ്റൊരു സെക്ഷനിലാണു കിട്ടിയിരിക്കുന്നതെന്നു ബോധ്യപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവ് തിരികെ പാലായിലേക്കു അയയ്ക്കുമെന്നാണു തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽനിന്നും അറിയിച്ചിരിക്കുന്നത്.
എന്നാൽ സത്യസന്ധമായ കാര്യത്തിനാണു മെഡിക്കൽ ലീവ് എടുത്തതെങ്കിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന റിപ്പോർട്ട് പാലാ ഡിപ്പോയിലെ ബന്ധപ്പെട്ട അധികൃതർക്കു സമർപ്പിക്കുന്പോൾ തന്നെ യൂണിറ്റ് ഓഫീസർക്കു രേഖാമോളെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള അധികാരമുണ്ടെന്നും തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽനിന്നുള്ള മെക്കാനിക്കൽ എൻജിനിയർ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ പാലായിലെ ഡിപ്പോ അധികൃതരെ അറിയിച്ചപ്പോൾ ചീഫ് ഓഫീസിൽനിന്നും ഉത്തരവ് ലഭിക്കാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണു പറയുന്നത്.
പാലാ ഡിപ്പോയിലെ ചില ഉന്നത ഉദ്യോഗസ്ഥരാണു തന്റെ ദുരനുഭവത്തിനു പിന്നിലെന്നും രേഖാമോൾ പറയുന്നു. രാഷ്്ട്രീയ സ്വാധീനമുള്ള ഇവർ തന്നെ നാളുകൾക്കു മുന്പു കുമളി ഡിപ്പോയിലേക്കു ട്രാൻസ്ഫർ ചെയ്തിരുന്നു. കുമളി ഡിപ്പോയിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നയാളെ പാലായിലേക്കും മാറ്റിയിരുന്നു. എന്നാൽ കോടതി ഇടപെട്ടു രണ്ടുപേർക്കും പാലാ ഡിപ്പോയിൽതന്നെ തുടരാൻ അനുവദിക്കുകയായിരുന്നു. മേലുദ്യോഗസ്ഥർ മനഃപൂർവം ദ്രേഹിച്ചതിനെതിരെ പരാതി നല്കാനുള്ള തയാറെടുപ്പിലാണു രേഖാമോൾ.