ആലുവ: നടിയെ ആക്രമിച്ച കേസിൽ പോലീസ് കുരുക്കുകൾ മുറുക്കിയതോടെ പഴുതുകൾ തേടി നടൻ ദിലീപ് രംഗത്ത്. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്പോൾ അന്വേഷണസംഘത്തിന് ഒരു കുലുക്കവുമില്ല. ദിലീപിന്റെ പ്രകോപനങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ട് ഡിജിപിയടക്കമുള്ള അന്വേഷണസംഘം പഴുതടച്ചുള്ള കുറ്റപത്രസമർപ്പണത്തിനായുള്ള പണിപ്പുരയിലാണ്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസിനാണ് കത്ത് നൽകിയത്. അന്വേഷണ ഉദേ്യാഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിൽ ദിലീപ് ഉന്നയിക്കുന്നത്.
ഒക്ടോബർ 18നാണ് ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി ബി. സന്ധ്യ എന്നിവരുൾപ്പെട്ട അന്വേഷണസംഘം വ്യാജതെളിവുകളുണ്ടാക്കി തന്നെ കുടുക്കിയതെന്ന് ആരോപിച്ചാണ് ദിലീപ് കത്തുനൽകിയത്.കേസ് സിബിഐക്കു വിടുന്നില്ലെങ്കിൽ നിലവിലെ അന്പേഷണസംഘത്തിലെ റൂറൽ എസ്പി സുദർശനൻ, ഡിവൈഎസ്പി സോജൻ വർഗീസ്, സിഐ ബൈജു പൗലോസ് എന്നിവരെ മാറ്റി പുതിയ സംഘത്തെ രൂപീകരിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. ആഭ്യന്തരവകുപ്പ് ദിലീപിന്റെ കത്ത് വിശദമായി പരിശോധിച്ചുവരികയാണ്.
അതേസമയം കേസിലെ പോലീസ് അന്വേഷണം ആദ്യഘട്ടത്തിലേക്ക് അടുക്കുകയാണ്.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് കണ്ടെത്താൻ കഴിയാത്തതൊഴിച്ചാൽ പരമാവധി തെളിവുകളും സാക്ഷിമൊഴികളും പോലീസ് ശേഖരിച്ചു കഴിഞ്ഞു. മുഖ്യസാക്ഷികളുടെ മൊഴി കോടതി മുന്പാകെ നേരിട്ട് സമർപ്പിക്കുകയും ചെയ്തു. കേസിലെ അനുബന്ധ കുറ്റപത്രം അടുത്ത ആഴ്ച അങ്കമാലി കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി തന്നെ നേരിട്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ നീക്കം അന്വേഷണ സംഘത്തിന്റെ ആത്മവീര്യം കെടുത്താനുള്ള പൊടിക്കൈകളാണെന്നാണ് പോലീസിലെ ഉന്നതരുടെ വിലയിരുത്തൽ.
കേസിലെ പ്രധാനസാക്ഷികളിലൊരാളായ ദിലീപിന്റെ ഭാര്യ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരൻ പോലീസിന് ആദ്യം നൽകിയ മഴി മാറ്റി പറഞ്ഞിരുന്നു. എന്നാൽ ലക്ഷ്യയിൽ കേസിലെ മുഖ്യപ്രതി പൾസർ സുനി വന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽനിന്നും പോലീസ് ശേഖരിച്ചു വച്ചിട്ടുണ്ട്. പൾസർ സുനിക്ക് ഒളിത്താവളം ഒരുക്കിയതിന് കൃത്യത്തിനു തൊട്ടു പിന്നാലെ അറസ്റ്റിലായ ചാർളിയുടെ മൊഴിയും നിർണായകമാണ്.
കേസിൽ ഉൾപ്പെടുന്നതിനുമുന്പുതന്നെ സംഭവത്തിന്റെ സൂത്രധാരൻ ദിലീപാണെന്ന് ദൃശ്യങ്ങൾ ചാർളി മൊഴി നൽകിയിരുന്നു. എന്നാൽ ചാർളി ഇപ്പോൾ പ്രതിഭാഗത്തിന്റെ സ്വാധീനത്തിലാണെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. സാക്ഷികളെ വരുതിയിലാക്കാൻ കഴിയുമെന്ന വിശ്വാസമാണ് ദിലീപിന്റെ പുതിയ നീക്കത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇതിനിടെ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി സിബിഐ അന്വേഷണമടക്കമുള്ളവ തരപ്പെടുത്തി കൊടുക്കാമെന്ന് ചില ബിജെപി നേതാക്കളുടെ ഉറപ്പും ലഭിച്ചതായിട്ടാണ് സൂചന.
ജാമ്യം തേടി പുറത്തിറങ്ങിയ ദിലീപിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരുന്നുണ്ടായിരുന്നു. ആത്മീയ യാത്രകൾ നടത്തി സൗമ്യനായി കഴിഞ്ഞുവരുന്നതിനിടയിലാണ് ഗോവയിലെ സ്വകാര്യ സുരക്ഷ ഏജൻസിയായ തണ്ടർഫോഴ്സിന്റെ സായുധ ഭട·ാർ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത് വിവാദമായത്.
പോലീസിന്റെ നിരീക്ഷണങ്ങളെ മറികടന്നെത്തിയ ഈ സംഘത്തെ ദിലീപുമായുള്ള സന്ദർശനം കഴിഞ്ഞ് മടങ്ങുന്പോഴാണ് കണ്ടെത്താനായത്. സംഭവമറിഞ്ഞെത്തിയ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് സൗഹൃദ സന്ദർശനമെന്നായിരുന്നു ദിലീപും വീട്ടുകാരും പറഞ്ഞത്. എന്നാൽ റൂറൽ എസ്പിയുടെ നിർദേശപ്രകാരം കൊട്ടാരക്കര പോലീസ് തണ്ടർ ഫോഴ്സിന്റെ വാഹനങ്ങൾ തടഞ്ഞ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ദിലീപ് ആവശ്യപ്പെട്ടിട്ട് സുരക്ഷയൊരുക്കുന്നതിനെക്കുറിച്ച് ചർച്ചയ്ക്കെത്തിയതാണ് സംഘമെന്ന് സ്ഥിരീകരിച്ചത്. ആയുധങ്ങൾ ഉപയോഗിക്കുന്നതടക്കമുള്ള ലൈസൻസുള്ള അംഗീകൃത ഏജൻസിയാണെന്ന് ബോധ്യപ്പെട്ടതിനാൽ ഇവരെ പോലീസ് വിട്ടയക്കുകയായിരുന്നു. ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട സ്ഥിതിക്ക് ഡിജിപിയടക്കമുള്ള കേസിന്റെ പ്രത്യേക അന്വേഷണസംഘം ഉടൻ യോഗം ചെരുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.