ശ്രീകണ്ഠപുരം: പതിമൂന്ന്കാരിയായ സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് ബീഫ് സ്റ്റാൾ നടത്തുന്ന നടുവിൽ കണ്ണാടിപ്പാറയിലെ കെ.പി. മൊയ്തീനെ (56) യാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓണാവധി ദിവസങ്ങളിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു.
കഴിഞ്ഞ പെരുനാൾ ദിവസം ഇയാളുടെ ഓട്ടോടാക്സിയിൽ പൊടിക്കളത്ത് എത്തിച്ച് പീഡിപ്പിച്ചതായും പറയുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂൾ അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഇന്ന് പുലർച്ചെ നടുവിൽ ടൗണിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് വൈകുന്നേരം തളിപ്പറന്പ് കോടതിയിൽ ഹാജരാക്കും.