കോട്ടയം: ഒരു മിനിറ്റിൽ ഒറ്റ കൈകൊണ്ടു 122 തേങ്ങകൾ ഉടയ്ക്കുന്ന കോട്ടയം പൂഞ്ഞാർ സ്വദേശി അബീഷ് പി. ഡൊമിനിക് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. ജർമൻ സ്വദേശി മുഹമ്മദ് കുറുമാനിയുടെ പേരിലുള്ള ഒരു മിനിറ്റിൽ 118 തേങ്ങകൾ ഉടച്ച ഗിന്നസ് റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. മാഴ്സൽ ആർട്സിലും സ്പോർട്സ് ഇവന്റിലും വ്യക്തിഗത ഗിന്നസ് റിക്കാർഡ് നേടിയ ആദ്യമലയാളിയാണു അബീഷ്.
2017 ഫെബ്രുവരി 18നായിരുന്നു തൃശൂർ ശോഭ സിറ്റിയിൽ ആയിരുന്നു റിക്കാർഡ് പ്രകടനം. ഏഴ് മാസങ്ങൾക്കുശേഷമാണ് ഗിന്നസ് അധികൃതർ റിക്കാർഡ് നേടിയതായി അബീഷിനെ അറിയിച്ചത്.
ഗിന്നസ്, ലിംക റിക്കാർഡുകൾക്ക് പുറമെ ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, അസോസിയേറ്റ് വേൾഡ് റിക്കാർഡ്, എവറസ്റ്റ് വേൾഡ് റിക്കാർഡ് എന്നിവ നേട്ടങ്ങളിൽ ചിലതുമാത്രമാണ്. തേങ്ങ ഉടയ്ക്കുന്നതിനുപുറമെ 10 ടണ്‍ ഭാരം വരുന്ന കെഎസ്ആർടിസി ബസ് കടിച്ചുവലിക്കുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചു കരിക്ക് ഉടയ്ക്കുക, 2000 ആർപിഎംഎൽ കറങ്ങുന്ന ഫാൻ നാവ് കൊണ്ട് നിർത്തുക, ഹെൽമെറ്റ്, ഹോക്കി സ്റ്റിക്ക്, അടുക്കി വച്ചഒരിഞ്ച് കനമുള്ള മാർബിൾ സ്ലാബുകൾ തുടങ്ങിയവ കൈകൊണ്ടു പൊട്ടിക്കുക എന്നിവയും അബീഷ് ചെയ്യുന്നുണ്ട്.