കോട്ടയം: അറുപറയിൽ ദന്പതികളെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു യുവതിയുടെ ബന്ധുക്കൾ. ഏഴു മാസമായി നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ട്. ഏപ്രിൽ ആറിനു കാണാതായ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർക്കു വേണ്ടി പോലീസ് രണ്ടാംഘട്ട അന്വേഷണം നടത്തുന്നതിനിടെയാണു അന്വേഷണ സംഘത്തിനെതിരേ പരാതിയുമായി ഹബീബയുടെ സഹോദരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
സഹോദരി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും ഹാഷിം ജീവിച്ചിരിപ്പുണ്ടാകുമെന്നും വിദേശത്തേക്കു കടന്നതായി സംശയിക്കുന്നുവെന്നും ഹബീബയുടെ സഹോദരൻ ഷിഹാബ് ആരോപിച്ചു. നിലവിലെ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ല. അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനം സംശയാസ്പദമാണ്. തങ്ങൾ വിശദമായി മൊഴി നൽകിയ കാര്യങ്ങളിലൊന്നും അന്വേഷണം നടന്നിട്ടില്ല. തിരോധാനവുമായി ബന്ധപ്പെട്ടു ഹാഷിമിന്റെ പിതാവ് നൽകിയ മൊഴി വിശ്വസനീയമല്ലെന്നും ഷിഹാബ് പറഞ്ഞു. ഹാഷിമിന്റെ ബന്ധുവും ചങ്ങനാശേരി സ്വദേശിയുമായ വിദേശ മലയാളിയുടെ നീക്കങ്ങൾ സംശയാസ്പദമാണ്. ഇയാളുടെ നിയന്ത്രണത്തിലാണു ഹാഷിമിന്റെ വീട്ടിലെ കാര്യങ്ങളാണു നടന്നിരുന്നത്. ഹബീബയെ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഹാഷിമിന്റെ ഇഷ്ടപ്രകാരമായിരുന്നു കല്യാണമെങ്കിലും ഹബീബയുമായുള്ള ബന്ധത്തിൽ ഹാഷിമിന്റെ വീട്ടുകാർക്കു താത്പര്യമുണ്ടായിരുന്നില്ല. ഹബീബയെ മൊഴിചൊല്ലാൻ നിർബന്ധിച്ചിരുന്നു. പലതവണ പ്രശ്നങ്ങളുണ്ടായെങ്കിലും തങ്ങളെത്തി പറഞ്ഞു തീർക്കുകയായിരുന്നു.
ഉമ്മ മരിച്ചതിനെത്തുടർന്നുള്ള മാനസിക പ്രശ്നങ്ങളാൽ ഹാഷിം ചികിത്സ തേടിയിരുന്നു. എന്നാൽ, ഹബീബ ഒരിക്കലും മാനസിക പ്രശ്നങ്ങൾക്കു ചികിത്സ തേടിയിട്ടില്ല. കാണാതാകുന്നതിനു രണ്ടു ദിവസം മുന്പ് ദന്പതികൾ, ചങ്ങനാശേരിയിലെ ബന്ധുവീട്ടിൽ പോയിരുന്നു. വീട്ടിൽ ഭക്ഷണം തയാറാക്കി വച്ചിരിക്കേ ഭക്ഷണം വാങ്ങാൻ പുറത്തുപോകില്ല. ഹർത്താൽ ദിനത്തിൽ ഹോട്ടലുകൾ ഒന്നും തുറന്നിരുന്നില്ല. തലേന്ന് ഒരിടത്തും പോയില്ലെന്നാണു അന്വേഷക സംഘത്തോടെ പിതാവ് ആദ്യം മൊഴിയെ നൽകിയിരുന്നു. തലേന്നാൾ ഹാഷിം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നതായും മൊബൈൽ വിശദാംശങ്ങളിൽനിന്നു ലഭ്യമാണ്. ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്ന ബന്ധു ദന്പതികളെ കാണാതാകുന്നതിനു ഒരു ദിവസം മുന്പ് വിദേശത്തേക്കു പോകുകയും പിറ്റേന്നു തിരികെ വരികയും ചെയ്തതും ദുരൂഹമാണ്.
തിരികെയെത്തിയ ബന്ധു ഹാഷിമിന്റെ മക്കളെ ചങ്ങനാശേരിയിലേക്കു നിർബന്ധപൂർവം കൊണ്ടുപോയി. ഇവരെ തങ്ങളുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. കുട്ടികളെ കൗണ്സലിംഗിനു വിധേയരാക്കണം. നിലവിലുണ്ടായിരുന്ന മുന്തിയ ഇനം കാർ വിറ്റ് വാഗണ് ആർ കാർ വാങ്ങിയതും രണ്ടു മാസമായിട്ടും രജിസ്ട്രേഷൻ നടത്താതിരുന്നതും സംശയാസ്പദമാണ്. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ നൽകിയ തങ്ങളെ ഹാഷിമിന്റെ ബന്ധു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. ഹബീബയുടെ ദുരിതങ്ങൾ സംബന്ധിച്ചു സഹോദരൻ നൽകിയ കത്ത് പോലീസ് ഉദ്യോഗസ്ഥൻ നശിപ്പിച്ചതായി സംശയിക്കുന്നു. കഴിഞ്ഞദിവസം ഇടുക്കിയിൽ പോലീസ് തെരച്ചിൽ നടത്തുന്പോൾ ബന്ധു അവിടെയെത്തിയതും സംശയത്തിന് ഇട നൽകുന്നതായും ബന്ധുക്കൾ പറഞ്ഞു.
അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷിഹാബ് സഹോദരൻ ഇസ്മയിൽ, ബന്ധു ലത്തീഫ് എന്നിവർ പറഞ്ഞു. മുൻ ഡിജിപി സെൻകുമാർ ഇടപെട്ടിട്ടും അന്വേഷണം കാര്യക്ഷമമല്ലായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. നീതിതേടി ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നതായി ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു.