തൊടുപുഴ: ബസുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന തമിഴ്പെണ് സംഘങ്ങൾ ഒരിടവേളയ്ക്കുശേഷം തൊടുപുഴ മേഖലയിൽ സജീവമാകുന്നു.
രണ്ടാഴ്ചയ്ക്കിടെ മൂന്നു കേസുകളാണ് തൊടുപുഴ സ്റ്റേഷൻ പരിധിയിൽ ലഭിച്ചത്. ശനിയാഴ്ചകളിൽ ബസുകളിൽ തിരക്കു കൂടുതൽ അനുഭവപ്പെടുന്നതിനാൽ ഈ ദിവസങ്ങളിലാണ്് കൂടുതൽ മോഷണങ്ങളും നടക്കുന്നത്. ഇന്നലെ തൊടുപുഴ പോലീസ് വിവിധ സമയങ്ങളിലായി തൊടുപുഴ പ്രൈവറ്റ് ബസ സ്റ്റാൻഡിലും മറ്റും ബസുകളിലും മിന്നൽ പരിശോധന നടത്തി.
യാത്രക്കാർക്ക് മോഷ്ടാക്കളെക്കുറിച്ച് മുന്നറിയിപ്പും നൽകി. പല വേഷത്തിലും ഭാവത്തിലും കറങ്ങുന്ന ഇക്കൂട്ടർ ബസ് സ്റ്റോപ്പുകളിലും തിരക്കുള്ള ബസിലുമെല്ലാം യാത്രക്കാരെന്ന വ്യാജേന കയറി മോഷണം നടത്തി മുങ്ങുന്നതാണ് പതിവ് രീതിയെന്ന് പോലീസ് പറയുന്നു. തിരുട്ടുഗ്രാമങ്ങളിൽ നിന്നുമാണ് പെണ്മോഷ്ടാക്കൾ എത്തുന്നതെന്നാണ് വിവരം. മോഷണത്തിൽ പ്രാവീണ്യം നേടിയ തിരുട്ടുപെണ്സംഘങ്ങൾ യാത്രികർ അറിയാതെ മോഷണം നടത്തുമെന്നതു പ്രത്യേകതയാണ്.
തിരക്കേറിയ റൂട്ടുകൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങളിൽ അധികവും എന്നാണ് വിവരം. ആറു മാസം മുൻപ് വിവിധ സംഭവങ്ങളിലായി ഒന്നരലക്ഷത്തോളം രൂപയാണ് നഗരത്തിൽ വിവിധ ബസുകളിൽ നിന്നും മോഷണം പോയതായി പരാതിയുള്ളത്.
തിരുട്ടുപെണ്സംഘത്തിനു ഓടുന്ന ബസിലെ മോഷണമാണ് താൽപര്യം. അതു കൊണ്ടു തന്നെ റിസ്ക്ക് ഇവർക്കു കുറവാണ്. കൂടെയാത്ര ചെയ്യുന്ന സ്ത്രീകൾ പോലും അറിയാതെ ബാഗുകൾ കീറാനൊരു കഴിവാണ് ഇവരുടെ കൈമുതൽ. ഓടുന്ന ബസിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് പണം മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ് യുവതിയെ പോലീസ് പിടികൂടിയത് അടുത്ത കാലത്താണ്.
നല്ല വസ്ത്രമണിഞ്ഞു തിരക്കുള്ള ബസിൽ കയറുന്ന ഇക്കൂട്ടർ സ്ത്രീകളുടെ മാല, ബാഗ്, പഴ്സ് മുതലായവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മോഷണം നടത്തിയശേഷം മോഷണമുതൽ ഒപ്പമുള്ളയാൾക്കു കൈമാറി, അടുത്ത സ്റ്റോപ്പിലിറങ്ങി മുങ്ങുകയാണ് ചിലരുടെ രീതിയെന്നു പോലീസ് പറഞ്ഞു.
ബസിൽ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കി അതിനിടെ പണവും മറ്റും കവർന്നു സ്ഥലംവിടുന്നതാണ് ചിലരുടെ രീതി. ഇവർ ബ്ലേയ്ഡാണ്സാധാരണ ഉപയോഗിക്കുന്നത്. ചിലപ്പോൾ ഉറക്കം നടിക്കും. അടുത്തിരിക്കുന്നവരുടെ ശരീരത്തിലേക്കു മെല്ലെ ചായും. ഇതിനിടെ ഇവരുടെ ഇടംകൈ സഹയാത്രികയുടെ ബാഗിനു മുകളിലെത്തും.
സിപ്പ് തുറന്ന് ഉള്ളിലുള്ള പഴ്സും പൊതിയും അടിച്ചുമാറ്റും. മോഷണം നടത്തിയാൽ അടുത്ത സ്റ്റോപ്പിലിറങ്ങി മറ്റൊരു ബസിൽ കയറി സ്ഥലം കാലിയാക്കും. ഒന്നുമറിയാതെ ഇരിക്കുന്നവർ മോഷ്ടാക്കൾ മറുകര കടക്കുന്പോൾ മാത്രമാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം അറിയുക. ആളുകളുടെ ശ്രദ്ധ തെറ്റിക്കാൻ ഓക്കാനിക്കുന്നതുപോലെയോ സുഖമില്ലാത്തതുപോലെയോ അഭിനയിച്ചു തട്ടിപ്പു നടത്തുന്നവരുമുണ്ട്.
കഷ്ടപ്പെട്ടു പ്രതികളെ പിടികൂടിയാലും പലപ്പോഴും ഇവർ നിസാരമായി കേസിൽ നിന്ന് ഉൗരിപ്പോകുകയും മോഷണം തുടരുകയും ചെയ്യുകയാണു പതിവെന്നു പോലീസ് പറഞ്ഞു.ബസിൽ യാത്ര ചെയ്യുന്പോൾ ഇവർ ബാഗുകീറിയാൽ പോലും ആരും അറിയില്ല. കൈയിൽ കുഞ്ഞുമായി വരെ ബസിൽ കയറും. തിരക്കുള്ള ബസാണ് ഇവർക്കു പ്രിയം. നഗരത്തിലൂടെ സർവീസ് നടത്തുന്ന ബസൊന്നും വേണമെന്നില്ല.
കണ്ടാൽ പെട്ടെന്നു ഇറക്കിവിടാൻ ആരും തയാറാകാത്തവിധം വേഷം കെട്ടും. ആരെങ്കിലും ഇവരെ കണ്ടാൽ അടുത്തുനിൽക്കുന്ന യാത്രികയുടെ ബാഗിൽ മോഷണ സാധനം വച്ച് രക്ഷപ്പെടാനുള്ള തന്ത്രവും ഇവർക്കറിയാം. ബസിലെ യാത്രക്കാരെ പരിശോധിച്ചാൽ അടുത്തുനിൽക്കുന്ന നിരപരാധി കുടുങ്ങും. പുരുഷൻമാർ പോലും ഇവരുടെ മുന്നിൽ തോറ്റുപോകും. അത്രമാത്രം മിടുക്കികളാണ് ഇവർ. അതു കൊണ്ടാണ് മാഫിയാസംഘങ്ങൾ ഇവരെ ബസുകളിലേക്കു കയറ്റിവിടുന്നത്.