ഫോട്ടോ -അനൂപ് ടോം
കോട്ടയം: തുലാമഴ ശക്തി പ്രാപിച്ചതോടെ കോട്ടയത്തെ പല റോഡുകളും വെള്ളത്തിലായി. ശാസ്ത്രി റോഡിലൂടെയുള്ള യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. ഓടകൾ നിറഞ്ഞു വെള്ളം റോഡിലും കെട്ടി കിടക്കുകയാണ്. റോഡ് സൈഡിൽ നിൽക്കുന്നവരുടെ ദേഹത്ത് വാഹനങ്ങൾ പോകുന്പോൾ ചെള്ളിവെള്ളം തെറിക്കുന്നതു പതിവായി.
വെള്ളക്കെട്ടുകൾ കാരണം ഗതാഗതക്കുരുക്കും ശക്തമായിരിക്കുകയാണ്. മഴ കാൽനടയാത്രക്കാരെ മാത്രമല്ല, ഇരുചക്ര വാഹന യാത്രക്കാരെയും ചുറ്റിച്ചു. സ്റ്റാർ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, കുമരകം റോഡ് തുടങ്ങി നഗരത്തിലെ സ്ഥിരം വെള്ളക്കെട്ട് പ്രദേശങ്ങളിൽ റോഡ് നിറയെ വെള്ളമാണ്.
സ്റ്റാർ ജംഗ്ഷനിലെ പെട്രോൾ പന്പിനു സമീപം ഓടയിലെ വെള്ളം റോഡിലേക്ക് ഒഴുകിയത് വാഹന ഗതാഗതത്തെ ബാധിച്ചു. ഓടയ്ക്കു മുകളിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും മറ്റും വെള്ളത്തിലായി
. മഴ അതിശക്തമായപ്പോൾ വാഹനങ്ങൾ ലൈറ്റിട്ടാണ് ഓടിയത്. എന്നിട്ടും ഡ്രൈവർമാർക്ക് വഴി ശരിക്കും കാണാൻ കഴിഞ്ഞില്ല. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പോലീസ് നന്നേ വിഷമിച്ചു.