സ്വന്തം ലേഖിക
കോഴിക്കോട്: കേരളത്തിലെ നൂറിൽ 14 പേർക്ക് ജീവിതകാലത്തിൽ ഒരിക്കലെങ്കിലും മാനസികരോഗം ഉണ്ടായതായി പഠനറിപ്പോർട്ട്. പുകവലി ദേശീയ ശരാശരിയെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞപ്പോൾ മദ്യപാനികളുടെ എണ്ണം ദേശീയ ശരാശരിയെ പിന്തള്ളി മുന്നിലെത്തിയതായും ഇംഹാൻസ് റിപ്പോർട്ടിൽ പറയുന്നു.
സർക്കാരിന്റെ വികലമായ മദ്യനയം മൂലം കേരളത്തിൽ മദ്യാസക്തരുടെ എണ്ണം വർധിക്കുന്നുവെന്ന മദ്യവിരുദ്ധ സംഘടനകളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ബംഗളുരുവിലെ നിംഹാൻസും, സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കോഴിക്കോട്ടെ ഇംഹാൻസും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ആൻറ് ന്യൂറോ സയൻസസ്) ചേർന്നു നടത്തിയ സർവേയിലെ പഠനറിപ്പോർട്ട്.
കേരളത്തിലെ തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട താലൂക്കുകളിലെ വിവിധ വാർഡുകളിലാണ് സർവേ നടത്തിയത്. 18 വയസിനു മുകളിലുള്ളവർക്കു മാത്രമായി നടത്തിയ സർവേയിൽ കുട്ടികൾ ഉൾപ്പെട്ടിട്ടില്ല. ശാസ്ത്രീയരീതിയിൽ റാൻഡ് സാംപ്ലിംഗ് മെത്തേഡ് അനുസരിച്ച് ജില്ലകളും വാർഡുകളും തെരഞ്ഞെടുത്തതിനാൽ പഠനറിപ്പോർട്ടിലെ വിശദാംശങ്ങൾ കേരളത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
പ്രധാന കണ്ടെത്തലുകൾ
1) കേരളത്തിൽ ജീവിതകാലത്തിൽ ഒരിക്കലെങ്കിലും മാനസീകരോഗം വന്നവരുടെ നിരക്ക് 14.4 ശതമാനമാണ്. സ്കിസോഫ്രീനിയ, വിഷാദരോഗം, വിഷാദ-ഉന്മാദ രോഗം, ഉത്കണ്ഠാരോഗം എന്നിവ ഈ കണക്കിൽ ഉൾപ്പെടും.
2) സാധാരണ മാനസീകരോഗങ്ങൾ എന്നു വിശേഷിപ്പിക്കുന്ന രോഗങ്ങൾ,വിഷാദരോഗം, ഉത്കണ്ഠാരോഗം, ലഹരി ഉപയോഗം മുലമുള്ള രോഗങ്ങൾ എന്നിവയാണ്. ഇത് കേരളത്തിൽ 11 ശതമാനമാണ്.
3) ഈ ഗണത്തിൽപ്പെട്ടവരിൽ 10 ശതമാനവും ലഹരിഉപയോഗം മൂലം രോഗികളായവരാണ്.
4) ലഹരിമൂലമുള്ള രോഗങ്ങൾ പുരുഷന്മാരിലും, വിഷാദരോഗം സ്ത്രീകളിലും കൂടുതലാണ്.( രണ്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായ പഠനം നടന്നുവരികയാണ്)
കേരളത്തിലെ രോഗ നിരക്കുകൾ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുന്പോൾ ഏറ്റവും പ്രധാനമായി വ്യത്യാസമുള്ള മേഖലകൾ താഴെ. ( കേരള ശരാശരി, ദേശീയ ശരാശരി എന്നിങ്ങനെ)
1. പുകവലി- 7.22, 20.89
2. മദ്യപാനം- 4.82, 4.61
3. ആത്മഹത്യാ പ്രവണത- 12.6, 6.00
4. ഗുരുതരമായ മാനസീക പ്രശ്നങ്ങൾ- 0.44, 0.77
5. ഉത്കണ്ഠാ രോഗങ്ങൾ- 5.43, 3.5
നിലവിൽ വിഷാദ രോഗമുള്ളവർ- 2.49, 2.65
സ്തീകളിലെ വിഷാദ രോഗത്തിന് കാരണം വീടുകളിൽ പുരുഷന്മാരുടെ ലഹരിഉപയോഗം മൂലമോ, കുടുംബങ്ങളിലെ അസ്വാരസ്യമോ മൂലമാകാം. ഇതിനെക്കുറിച്ചും വിശദമായ പഠനം നടത്തും. കേരളത്തിന്റെ പരിഷ്കൃത സൗകര്യമനുസരിച്ച് ഈ പഠന റിപ്പോർട്ട് ആശങ്ക ഉയർത്തുന്നതാണ്.