തിരുവനന്തപുരം: അനന്തപുരിയിൽ ഇന്ത്യ-ന്യൂസിലൻഡ് ആവേശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, മഴ കളിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. തിങ്കളാഴ്ച പോലെ ഇടിവെട്ടി തുലാവർഷം തിമിർത്തു പെയ്താൽ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാനാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്ന മുഖങ്ങളിൽ കാറും കോളും നിറഞ്ഞു നിൽക്കുന്നു.
ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മൂടിക്കെട്ടി നിൽക്കുന്ന ആകാശവും ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയുമാണ് തുലാവർഷത്തിന്റെ സ്വഭാവം. തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും തിരുവനന്തപുരത്ത് ദിവസങ്ങളായി തുലാവർഷം തിമിർത്തു പെയ്യുകയാണ്. ഇന്നു കൂടി തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കാത്തുകാത്തിരുന്ന് 29 വർഷത്തിന് ശേഷം ആഥിത്യം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ വരവേൽക്കാൻ തലസ്ഥാന നഗരം അണിഞ്ഞൊരുങ്ങി നിൽക്കുന്പോൾ മഴ ഇടയ്ക്കു കയറി കളിച്ചാൽ അത് തീരാനഷ്ടമാകും. മത്സരം രാത്രി ഏഴിനാണെന്നും അപ്പോൾ മഴ പെയ്യില്ലെന്നുമാണ് കാണികൾ ആശ്വസിക്കുന്നത്. ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾ ഞായറാഴ്ച പുലർച്ചെയോടെ തലസ്ഥാനത്തെത്തിച്ചേർന്നിട്ടുണ്ട്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടക്കമുള്ള ഇടങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ ടീമിലെ ചില അംഗങ്ങൾ എത്തിയതും കേരള പോലീസിന്റെ ലഹരിവിരുദ്ധ ക്യാന്പിന്റെ ഭാഗമാകാൻ താരങ്ങളെത്തിയതും മത്സരം തുടങ്ങും മുന്പേ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലഹരിവിരുദ്ധ ക്യാന്പയിനിൽ പങ്കുചേർന്ന് കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെത്തിയെത്തുന്നറിഞ്ഞ്, മഴയെ അവഗണിച്ചും നൂറുകണക്കിന് കുട്ടികളാണ് എത്തിച്ചേർന്നത്. ആവേശത്തോടെ പ്രതിജ്ഞ ചൊല്ലിയ, നിറഞ്ഞു കവിഞ്ഞ ഗാലറി ഏറെക്കാലത്തിനു ശേഷം തലസ്ഥാനം കണ്ട മനോഹര കാഴ്ചകൂടിയായിരുന്നു.
ഇന്നത്തെ കളിയിൽ ഇന്ത്യൻ താരങ്ങൾ തകർത്താടുന്നതു കൂടി കണ്ടാൽ ആരാധകരുടെ മനം നിറയും. അതുകൊണ്ടു തന്നെ കളി നടക്കുന്ന നേരത്ത് മഴ മാറിനിൽക്കണമെന്ന പ്രാർഥന ഏകസ്വരത്തിൽ ഏറ്റു ചൊല്ലുകയാണ് തലസ്ഥാനത്തെ ആരാധക ലോകം.