തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും വീട് മാറുമ്പോൾ സാധനങ്ങൾ മാറ്റുന്നതും ഗാർഹിക പരിധിയിൽപെടുന്നതിനാൽ ചുമട്ടുതൊഴിലാളികളുടെ ജോലിയുടെ ഭാഗമല്ലാത്തതിനാൽ ഇടപെട്ടാൽ നടപടി സ്വീകരിക്കുമെന്ന് ലേബർ കമ്മിഷർ അറിയിച്ചു.
ചുമട്ടുതൊഴിലുമായി ബന്ധപ്പെട്ട നോക്കുകൂലി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ 1800425552 14/155214 എന്നീ ടോൾ ഫ്രീ നന്പരുകളിൽ വിളിച്ചു പരാതി രേഖപ്പെടുത്താം. പരാതി ലഭിച്ചാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബർ ഓഫീസർമാർ ഇടപെട്ട് അമിതമായോ അനർഹമായോ തുക വാങ്ങിയിട്ടുണ്ടെങ്കിൽ വാങ്ങിയ തൊഴിലാളികളിൽ നിന്ന് തൊഴിലുടമയ്ക്ക് തിരികെ വാങ്ങിക്കൊടുക്കും. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ക്രമക്കേടുണ്ടെങ്കിൽ രജിസ്ട്രേഷൻ കാർഡ് റദ്ദാക്കും.
തൊഴിലുടമയെ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ പരാതികൾ പോലീസിനു കൈമാറി ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മീഷണർ അറിയിച്ചു.
വീട്ടാവശ്യത്തിനുളള വീട്ടുപകരണങ്ങൾ, സ്വകാര്യ ജംഗമ വസ്തുക്കൾ, മറ്റ് വീട്ട് സാധനങ്ങൾ എന്നിവ മാറ്റുന്നതും മറ്റൊരിടത്തേക്കുകൊണ്ടുപോകുന്നതും സ്വന്തം താമസ സ്ഥലത്തു നിന്ന് സാധനങ്ങൾ മാറ്റുന്നതും പൊതുചടങ്ങുകൾ, സാമൂഹികവും മതപരവുമായ ചടങ്ങുകൾ എന്നിവയ്ക്കുള്ള സാധനങ്ങൾ മാറ്റുന്നതും ഗാർഹിക ജോലിയുടെ പരിധിയിൽ വരുന്നതിനാൽ ചുമട്ടുതൊഴിലാളികൾ ഇടപെടാൻ പാടില്ല.
വ്യക്തിഗത ആവശ്യത്തിനുള്ള തടി, മരം എന്നിവ മുറിക്കുന്നതും നീക്കം ചെയ്യുന്നതും മറ്റൊരിടത്തേക്കുകൊണ്ടുപോകുന്നതും ഗാർഹികാവശ്യ പരിധിയിലാണ്. വ്യക്തിഗത ആവശ്യത്തിനുള്ള വീട് നിർമാണം, കേടുപാട് തീർക്കൽ, അറ്റകുറ്റപ്പണി എന്നിവയ്ക്കായി നിർമാണ വസ്തുക്കൾ, ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ മാറ്റുന്നതും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോകുന്നതും ഗാർഹിക ആവശ്യപരിധിയിൽപെടും.
വ്യക്തിഗത ആവശ്യത്തിനായി പഴയ കെട്ടിട സാധനങ്ങൾ പൊളിക്കുന്നതും അഴിച്ചുമാറ്റുന്നതും അത് മറ്റൊരിടത്തേക്കുകൊണ്ടുപോകുന്നതും വ്യക്തിഗത ആവശ്യത്തിനായി മൃഗങ്ങളെ മാറ്റുന്നതും മറ്റൊരിടത്തേക്കുകൊണ്ടുപോകുന്നതും കയറ്റിറക്ക് നിയമത്തിൽ വരാത്തതിനാൽ ചുമട്ടുതൊഴിലാളികൾ ഇടപെടാൻ പാടില്ല.
കാർഷിക പ്രവർത്തനവുമായി ബന്ധപ്പെട്ട സാധനങ്ങൾ, പണിയായുധങ്ങൾ, കാർഷിക യന്ത്രങ്ങൾ, അസംസ്കൃത വസ്തുക്കൾ, കാർഷിക ഉത്പന്നങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ ഒരു വ്യക്തിയുടെ ഭൂമിയിൽ നിന്ന് മാറ്റുന്നതും മറ്റൊരിടത്തേക്കുകൊണ്ടുപോകുന്നതും ഗസറ്റിലൂടെ സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഗാർഹിക ആവശ്യത്തിനുള്ള മറ്റു പ്രവൃത്തിയും ചുമട്ടുതൊഴിലാളി നിയമ പരിധിയിൽ വരില്ല. ഗാർഹിക ആവശ്യം ഉൾപ്പെടെ എല്ലാ കയറ്റിറക്കു ജോലിക്കും ഉടമയ്ക്ക് താല്പര്യമുള്ളപക്ഷം ചുമട്ടുതൊഴിലാളികളെ നിയോഗിക്കാനും സർക്കാർ നിശ്ചയിച്ച കൂലി നിരക്കുകൾ നൽകാനും കഴിയും.
അംഗീകൃത കൂലി നിരക്കിൽ കൂടുതൽ വാങ്ങുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്യുന്നപക്ഷം ശിക്ഷാനടപടികൾ കൈക്കൊള്ളും. കൂലിയിനത്തിൽ തുക കൈപ്പറ്റുമ്പോൾ തൊഴിലാളി നിർബന്ധമായും രസീത് നൽകേണ്ടതാണ്. പദ്ധതി പ്രദേശത്ത് ബോർഡിന്റെ അംഗീകൃത വർക്ക് ഓർഡർ ഫോറമാണ് രസീതായി നൽകേണ്ടത്.