കോട്ടയം: ഉണക്കമീൻ കച്ചവടത്തെയും പ്രതിസന്ധിയിലാക്കി ജിഎസ്ടി. ജിഎസ്ടിയിൽനിന്ന് ഉണക്കമീനിനേയും മത്സ്യവിഭവങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കേരള ഡ്രൈ ഫിഷ് ട്രേഡേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒൻപതിന് സൂചന സമരം നടത്തും.
അന്നേ ദിവസം കടകൾ അടച്ചിട്ട് രാവിലെ 10നു കോട്ടയം ജി എസ്്ടി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ധർണയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി നിർവഹിക്കും.
കോട്ടയം ഹോൾസെയിൽ ഉണക്കമീൻ മാർക്കറ്റിൽനിന്ന് ആരംഭിക്കുന്ന ജാഥ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടിച്ചിട്ട് സമരം ചെയ്യാനാണ് തീരുമാനം.
ഉണക്കമീനിനേയും മത്സ്യവിഭവങ്ങളെയും ജിഎസ്ടിയിൽ നിന്നൊഴിവാക്കണമെന്നു പല തവണ കേന്ദ്രസർക്കാരിനോടു ആവശ്യപ്പെട്ടിട്ടും നാളിതുവരെ ഒരു തീരുമാനം സർക്കാർ സ്വീകരിച്ചിട്ടില്ല. സാധാരണക്കാർ നടത്തുന്ന ഉണക്കമീൻ വ്യാപാരത്തെ വലിയ സംരംഭമായി കണ്ടുകൊണ്ടു ജിഎസ്ടി പോലെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതു തികച്ചും അപ്രായോഗികമാണെന്നു അസോസിയേഷൻ കുറ്റപ്പെടുത്തി.