ധീരയായ പുത്രി! ജീവന്‍ നല്‍കിയ പിതാവിന് ജീവിതം തിരിച്ചുകൊടുത്തവള്‍; പെണ്‍കുട്ടികള്‍ ബാധ്യതയാണെന്ന് കരുതുന്നവര്‍ അറിഞ്ഞിരിക്കണം, പൂജ ബിജാര്‍ണിയ എന്ന പെണ്‍കുട്ടിയെ

ഉദരത്തില്‍ വളരുന്നത് പെണ്‍കുട്ടിയാണെന്നറിയുമ്പോള്‍ അറിയാതെയെങ്കിലും ഉള്ള് പിടയുന്നവരും ഇത് തങ്ങളെക്കൊണ്ട് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആരുമറിയാതെ കുഞ്ഞിനെ വന്നിടത്തേയ്ക്ക് തന്നെ തിരിച്ചയ്ക്കുന്നവരുടെയും എണ്ണം കൂടുന്നതല്ലാതെ കുറയുന്നതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. പ്രത്യേകിച്ച് ഇന്ത്യയില്‍. പെണ്‍കുട്ടികള്‍ ബാധ്യതയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവര്‍ പൂജ ബിജാര്‍ണിയ എന്ന പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥ അറിഞ്ഞിരിക്കേണ്ടതാണ്. ഭാഗ്യം, ഭയം, അസാധ്യം എന്നീ വാക്കുകളില്‍ വിശ്വസിക്കാത്ത ചില ഹീറോകളുണ്ടല്ലോ..അവരില്‍ ഒരാളിന്ന് പൂജ. മറ്റ് വിശദാംശങ്ങളൊന്നും ലഭ്യല്ലെങ്കിലും ഇന്ന് ഈ പെണ്‍കുട്ടിയും അവളുടെ പിതാവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. അനേകര്‍ക്ക് മാതൃകയും പ്രചോദനവുമാണ്.

കാരണം സ്വന്തം കരള്‍ പകുത്തു നല്‍കികൊണ്ട് അവള്‍ തന്റെ പിതാവിന്റെ ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ്. കരള്‍ മാറ്റിവയ്ക്കലിന് ശേഷമുള്ള തന്റെയും പിതാവിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് പൂജയുടെയും പിതാവിന്റെയും കഥ ലോകമറിയുന്നത്. പിന്നീട് അഭിനന്ദനങ്ങളും ആശംസകളും കൊണ്ട് പൊതിയുകയായിരുന്നു ഇരുവരെയും ലോകം. പൂജയെപ്പോലുള്ളവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മുഴുവന്‍ സ്ത്രീകള്‍ക്കും അഭിമാനിക്കാനുള്ള വകയാണ് പൂജ നല്‍കിയിരിക്കുന്നതെന്നും പൂജയുടെ സ്ഥാനത്ത് ഒരാണ്‍കുട്ടിയായിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നാകുമായിരുന്നെന്നും തുടങ്ങി നിരവധി കമന്റുകളും പൂജയുടെയും പിതാവിന്റെയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Related posts