അടിമാലി: വൈദ്യുതിമന്ത്രി എം.എം. മണിയുടെ ഇളയ സഹോദരൻ ഇരുപതേക്കർ മുണ്ടയ്ക്കൽ സനകന്റെ മരണവുമായി ബന്ധപ്പെട്ടു കാർ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതു വിവാദമായി. ഉപ്പുതോട് വേലംകുന്നേൽ എബിനെ(22) യാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
എബിൻ ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ ഇടിച്ചതാണ് മരണത്തിനു കാരണമെന്നാണു പോലീസ് ഭാഷ്യം. കാറിന്റെ മിറർ കൈയിലിടിച്ചു വീണതിനെത്തുടർന്ന് തലക്കേറ്റ ഗുരുതരമായ ക്ഷതമാണു മരണത്തിനിടയാക്കിയതെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്. സനകനെ അബോധാവസ്ഥയിൽ കണ്ടതിന്റെ തലേന്ന് ആറിനാണ് എബിൻ ഓടിച്ചിരുന്ന കാർ അടിമാലി ടൗണിൽവച്ചു സനകനെ തട്ടിയത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിന്റെ സൈഡ് മിറർ സനകന്റെ കൈയിൽ തട്ടുകയായിരുന്നെന്നു പറയുന്നു. അപകടം നടന്ന ഉടൻ നാട്ടുകാരുടെ സഹായത്തോടെ എബിൻ സനകനെ അടിമാലി താലൂക്കാശുപത്രിയിലെത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. സാരമായ പരിക്കുകൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികത്സയ്ക്കു ശേഷം ഡോക്ടർമാർ വിട്ടയച്ചു.
സനകൻ പിറ്റേന്നു രാവിലെ ഭാര്യയുമൊത്ത് അടിമാലിയിലെ ഒരു ഹോട്ടലിൽ എത്തി ചായ കുടിക്കുകയും ചെയ്തിരുന്നു. തുടർന്ന് അവിടെനിന്നു പുറത്തിറങ്ങിയ സനകനെ കാണാതായി. ടൗണിൽനിന്ന് 12 കിലോമീറ്റർ അകലെ വെള്ളത്തൂവലിലാണ് അന്നു വൈകുന്നേരം സനകനെ അബോധാസ്ഥയിൽ കണ്ടെത്തി യത്. സനകൻ വെള്ളത്തൂവലിൽ എത്തിയത് എങ്ങനെയാണെന്നോ എന്തിനാണെന്നോ വ്യക്തമല്ല.
കഴിഞ്ഞ മാസം ഏഴിനു വൈകുന്നേരം നാലിനു വെള്ളത്തൂവൽ പവർ ഹൗസിനു സമീപം കുത്തുപാറയിൽ റോഡിൽ അബോധാവസ്ഥയിൽ കണ്ട സനകനെ, നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വെള്ളത്തൂവൽ പോലീസ് ഓട്ടോറിക്ഷയിൽ അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിറ്റേന്നു രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരണം.