എരുമപ്പെട്ടി: കുണ്ടന്നൂരിൽ വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് നിർമാണത്തിലിരുന്ന വീട് തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വെടിക്കെട്ടുക്കാരനായ കുണ്ടന്നൂർ പന്തലങ്ങാട്ടിൽ ആനന്ദന്റെ വീടാണ് പൂർണമായും തകർന്നത്. വെടിക്കെട്ട് സാമഗ്രികൾ നിർമാണത്തിലിരുന്ന വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സമീപത്തുള്ള രണ്ട് വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഇന്ന് വീടിന്റെ തേപ്പു പണി നടത്താനിരിക്കെയാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തിൽ വാർപ്പ് പൂർത്തിയാക്കിയ വീട് പൂർണ്ണമായും തകർന്നു.വീടിന്റെ കോണ്ക്രീറ്റ് ബീമുകളും ജനലുകളും വാതിലുകളും അകലേക്ക് തെറിച്ച് പോയി. സമീപത്തുള്ള തിരുത്തിൻമേൽ വിനയൻ, പാണേങ്ങാടൻ ആഗ്നസ് എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.
ഇവരുടെ വീടുകളുടെ ചുമരുകൾക്ക് പൊട്ടൽ സംഭവിക്കുകയു വാതിലും ജനലുകളും തകരുകയു ചെയ്തിട്ടുണ്ട്.
സ്ഫോടന ശബ്ദം മൂന്ന് കിലോമീറ്റർ ദൂരത്തിൽ കേട്ടതായി നാട്ടുകാർ പറയുന്നു.പലരും ഭൂചലനമാണെന്ന് കരുതി ഭയന്ന് വീടുകളിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. വടക്കാഞ്ചേരി എസ്.ഐ. കെ.സി.രതീഷിന്റെ നേതൃത്വത്തി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നും വെടിക്കെട്ട് സാമഗ്രികളായ കോറകളും ഓലകളും വെടിമരുന്നും പൊലീസ് കണ്ടെടുത്തു. ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.