തളിപ്പറമ്പ്: കൈക്കൂലിക്കും അഴിമതിക്കുമെതിരേ ഒറ്റയാള്‍പോരാട്ടവുമായി ആധാരമെഴുത്തുകാരി രംഗത്ത്. ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി അംഗവും തളിപ്പറമ്പിലെ ആധാരമെഴുത്തുകാരിയുമായ ഗീത ഇളമ്പിലാനാണു സ്വന്തം ഓഫീസില്‍ ബോര്‍ഡ് സ്ഥാപിച്ചു പോരിനിറങ്ങിയിരിക്കുന്നത്.
അഴിമതിക്കു പേരുകേട്ട രജിസ്ട്രേഷന് വകുപ്പില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനു സര്‍ക്കാരിലേക്കു മാത്രം ഫീസടച്ചാല്‍ പോരാ തങ്ങള്‍ക്കും‘ഫീസ് വേണം’ എന്ന ഉദ്യോഗസ്ഥരുടെ കണ്ണുരുട്ടലിനു മുന്നില്‍ പാവം ജനം വഴങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു.
രജിസ്ട്രേഷന് നടക്കുമ്പോള്‍ ആധാരമെഴുതുന്ന ആധാരമെഴുത്തുകാര്‍ എഴുത്തു കൂലിക്കൊപ്പം നിശ്ചിത ശതമാനം തുക കക്ഷികളില്‍ നിന്ന് അധികമായി വാങ്ങി അത് ഓഫീസ് സമയം കഴിഞ്ഞ ശേഷം രജിസ്ട്രാര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും എത്തിക്കുക എന്നതായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ മേഖലയിലെ നാട്ടുനടപ്പ്.
ഇതിനെതിരേയാണ് ഗീതയു ടെ പോരാട്ടം. തളിപ്പറമ്പില്‍ നടന്ന ആധാരമെഴുത്തുകാരുടെ ജില്ലാ സമ്മേളനത്തില്‍ അവസരം ചോദിച്ചുവാങ്ങി വിജിലന്‍സ് ഡിവൈഎസ്പി പ്രദീപ്കുമാര്‍ നടത്തിയ ബോധവത്കരണ ക്ലാസാണു ഗീത ഇളമ്പിലാനു വഴികാട്ടിയായത്.
കക്ഷികളില്‍ നിന്നു പണം അധികമായി വാങ്ങി ഉദ്യോഗസ്ഥര്‍ക്ക് എത്തിക്കുന്നതു നിര്‍ത്താന്‍ മാനസികമായി കരുത്തു നേടിയ ഗീതയെ പലതരത്തില്‍ മാനസികമായി സമ്മര്‍ദത്തിലാക്കാന്‍ ചില ജീവനക്കാര്‍ ശ്രമിച്ചതോടെയാണ് ഓഫീസില്‍ ബോര്‍ഡ് സ്ഥാപിച്ച് താന്‍ പ്രതികരിക്കുമെന്നു ഗീത അവരുടെ മുഖത്തുനോക്കി പറഞ്ഞത്.
പറയുക മാത്രമല്ല കഴിഞ്ഞ ദിവസം ഇവര്‍ സ്വന്തം ഓഫീസില്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരിക്കയാണ്. ‘പൊതുജന ശ്രദ്ധയ്ക്ക്… ഈ ഓഫീസില്‍ നിന്നു സബ് രജിസ്ട്രാർ ഓഫീസിലേക്കു വേണ്ടി കൈക്കൂലിയോ മറ്റു പാരിതോഷികങ്ങളോ സ്വീകരിക്കുന്നതല്ല’ എന്ന ബോര്‍ഡിനോടൊപ്പം കക്ഷികള്‍ നല്‍കേണ്ട എഴുത്തുകൂലി ഇത്ര മാത്രമാണെന്ന അറിയിപ്പും ഇവര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബോര്‍ഡ് വന്നതോടെ ഉദ്യോഗസ്ഥരില്‍ നിന്നു കടുത്ത സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ടെന്നും എന്നാല്‍ പണി മതിയാക്കി വീട്ടിലിരിക്കേണ്ടി നന്നാലും ഇനി പണം പിരിച്ചുനല്കില്ലെന്ന നിശ്ചയദാര്ഢ്യത്തിലാണു ഗീത. സര്‍ക്കാര്‍ അംഗീകരിച്ച യഥാര്‍ഥ എഴുത്തുകൂലി ആധാരമെഴുത്ത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ തന്നെ അഴിമതി വലിയൊരളവോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. ആന്റി കറപ്ഷന്‍ സംഘടനയുടെ പ്രവര്ത്തകന് കൂടിയായ ഭര്‍ത്താവ് അജിത്കുമാറും എല്ലാ പിന്തുണയുമായി ഗീതയോടൊപ്പമുണ്ട്.