ന്യൂഡൽഹി: എന്നോ പാട്ടു നിർത്തിയ ഒരു പഴയ ഫിലിപ്സ് റേഡിയോയുടെ അരികിൽ പൊട്ടിപ്പൊളിഞ്ഞ കട്ടിലിൽ അലിയെന്ന രാജകുമാരൻ അനാഥനായി മരിച്ചു കിടന്നു. വിലാപ ഗീതങ്ങളില്ലാതെ ആചാര വെടികളില്ലാതെ അവധ് രാജപരന്പരയിലെ ഒടുവിലെ കണ്ണി ഡൽഹി ബഹദൂർഷാ സഫർ മാർഗിലെ ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.
നാടു നീങ്ങിയെന്നതു പോലുള്ള വിശേഷണങ്ങളില്ലാതെ കാലം തങ്ങളോടു ചെയ്തതിനോടൊന്നും പരിഭവിക്കാതെ ഒരു പക്ഷേ രാജ്യത്ത് ആദ്യമായി ഒരു രാജകുമാരന്റെ ദാരുണാന്ത്യം. ഡൽഹിയുടെ ഹൃദയഭാഗത്ത് കാടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മൽച മഹൽ എന്ന കൊട്ടാരത്തിൽ 58-ാമത്തെ വയസിലായിരുന്നു അലിയുടെ അന്ത്യം.
ഡൽഹി സർദാർ പട്ടേൽ മാർഗിനോട് ചേർന്ന മൽച മഹൽ 14-ാം നൂറ്റാണ്ടിൽ സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് നായാട്ടിനെത്തുന്പോൾ താമസിക്കുന്നതിനായി നിർമിച്ചതാണ്. 1985 മേയ് 28നാണ് അലി റാസയും അമ്മ ബീഗം വിലായത്ത് മഹലും സഹോദരി സക്കീനയും ഇവിടെ താമസമാക്കുന്നത്. 11 ലാബ്രഡോർ നായ്ക്കളും ഏതാനും പരിചാരകരും ഇവരോടൊപ്പമുണ്ടായിരുന്നു. ഐഎസ്ആർഒയുടെ എർത്ത് സ്റ്റേഷനോട് ചേർന്നാണ് കാടിനുള്ളിൽ ഈ പൊട്ടിപ്പൊളിഞ്ഞ് വാതിലുകൾ പോലുമില്ലാത്ത പഴയ കൊട്ടാരം.
അലിയുടെ മാതാവ് 1993ൽ 62-ാം വയസിൽ ജീവനൊടുക്കുകയായിരുന്നു. സ്വന്തം ആഭരണത്തിലെ വജ്രം വിഴുങ്ങിയാണ് മരണം വരിച്ചത്. ഇതോടെ അലിയുടെയും സഹോദരി സക്കീ നയുടെയും മാനസികനില തകരാറിലായി. നാലു വർഷം മുൻപ് സാക്കിനയും മരിച്ചതോടെ അലി തീർത്തും അനാഥനായി. ദിവസങ്ങളായി ശബ്ദവും അനക്കവും കേൾക്കാതിരുന്നതിനെത്തുടർന്ന് ഐഎസ്ആർഒ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് അലി മരിച്ചു കിടക്കുന്നത് കാണുന്നത്.
സെപ്റ്റംബർ രണ്ടിന് ഡൽഹി എർത്ത് സ്റ്റേഷനിലെ വിജയ് യാദവാണ് അലി മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്. യാദവും സഹപ്രവർത്തകരും പോലീസിൽ വിവരം അറിയിച്ചു. ആരും മൃതദേഹം ഏറ്റെടുക്കാൻ വരാതിരുന്നതിനെ തുടർന്ന് സെപ്റ്റംബർ അഞ്ചിന് അടക്കം ചെയ്യുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
അമ്മയുടെയും സഹോദരിയുടെയും മരണശേഷം തികച്ചും ഏകാകിയായി കഴിഞ്ഞിരുന്ന അലി അപൂർവമായേ പുറത്തിറങ്ങിയിരുന്നുള്ളൂ. തന്റെ സൈക്കിളിൽ പുറത്തേക്കിറങ്ങുന്ന അലി ഭക്ഷണവും അവശ്യ സാധനങ്ങളും വാങ്ങി മടങ്ങും. അനുവാദമില്ലാതെ ആരെയും തന്റെ അരികിൽ അടുപ്പിക്കാതിരുന്ന അലി ഒരു രാജകുമാരനെന്ന നിലയിലാണ് ആളുകളോടു പെരുമാറിയിരുന്നതും. ആരോഗ്യ സ്ഥിതി മോശമായതോടെ എർത്ത് സ്റ്റേഷനിലെ ആളുകളോടു സഹായം അഭ്യർഥിച്ചിരുന്നു. മരണത്തിന് ഏതാനും ദിവസം മുൻപ് ഇവരോട് തനിക്ക് ഐസ്ക്രീമും മാന്പഴവും വേണമെന്നു പറഞ്ഞിരുന്നു. ഒരു പഴയ ഫിലിപ്സ് റേഡിയോയും ഒരു ഐസ് ബോക്സും ഇടയ്ക്ക് വരുത്തിയിരുന്ന ഇംഗ്ലീഷ് പത്രങ്ങളും ചില കുടുംബ ചിത്രങ്ങളുമായിരുന്നു അലിയുടെ സന്പാദ്യം.
1856ൽ അധികാരം നഷ്ടപ്പെട്ട നവാബ് വാജിദ് അലി ഷായുടെ സ്വത്തുക്കൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്തതോടെയാണ് അവധ് രാജകുടുംബത്തിന്റെ പിൻഗാമികളുടെ തലമുറ ദുരിത ജീവിതത്തിലേക്കു വീഴുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഇവരുടെ ജീവിതം ദുരിതങ്ങളിൽ തുടർന്നു. 1970ലാണ് ബീഗം വിലായത്ത് തന്റെ മക്കളായ അലിയെയും സക്കീനയെയും കൂട്ടി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരിപ്പുറപ്പിച്ചത്.
പിന്നീട് സർക്കാർ ഇടപെട്ട് ലക്നോയിൽ വീട് ഏർപ്പെടുത്തിയെങ്കിലും ഇവർ പോകാൻ കൂട്ടാക്കിയില്ല. ഡൽഹിയിൽ നൽകിയ ഫ്ളാറ്റിലും താമസിച്ചില്ല. അങ്ങനെയാണ് കാടുപിടിച്ചു കിടന്ന മൽച മഹലിലേക്കു താമസം മാറ്റിയത്. ഇവിടെ വെള്ളമോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല.
പരിചാരകർ കൂടി വിട്ടു പോയതോടെ തങ്ങളുടെ താമസസ്ഥലത്തേക്ക് ഇവർ ആരെയും പ്രവേശിപ്പിച്ചില്ല. മുള്ളുവേലി കെട്ടി തിരിച്ചിരുന്ന ഇവിടേക്ക് അപൂർവമായേ സന്ദർശകർ എത്തിയിരുന്നുള്ളു. അതിക്രമിച്ചു കടക്കുന്നവർ വെടിയേറ്റു വീഴും എന്ന ബോർഡും പതിച്ചിരുന്നു.
സെബി മാത്യു