കൊച്ചി: ആഡംബര വാഹനം രജിസ്റ്റർ ചെയ്യാൻ വ്യാജരേഖയുണ്ടാക്കിയെന്ന കണ്ടെത്തലിനെത്തുടർന്ന് നടി അമല പോളിനോട് മുഴുവൻ രേഖകളും ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. വാഹനം രജിസ്റ്റർ ചെയ്തതു സംബന്ധിച്ച രേഖകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പത്തിനകം ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നര ലക്ഷം രൂപമാത്രം നികുതി നൽകിയാണ് അമല പോൾ തന്റെ ആഡംബര കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ ഓടുന്നത് കൊച്ചിയിലാണ്. നികുതി വെടിച്ച് കാർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ രജിസ്റ്റർ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്നും കണ്ടെത്തിയതോടെ അധികൃതർ ഒർജിനൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ആറിന് അഭിഭാഷകൻ മുഖേന നടി രേഖകൾ ഹാജരാക്കിയിരുന്നെങ്കിലും പൂർണമായിരുന്നില്ല. ഇതേത്തുടർന്ന് രജിസ്ട്രേഷൻ സംബന്ധിച്ച മുഴുവൻ രേഖകളുടെയും ഒറിജിനൽ പത്തിനകം ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ആർടിഒ റെജി പി. വർഗീസ് രാഷ്ട്രദീപികയോടു പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരിൽ കൊച്ചിയിൽമാത്രം 570 വാഹനങ്ങൾ സംശയനിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ വാഹന ഡീലർമാർക്കിടയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങൾ കൊച്ചിയിൽ താത്കാലിക രജിസ്ട്രേഷൻ നേടിയശേഷം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്.
അമലപോൾ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരി തിലാസപ്പെട്ട് സെന്റ് തെരേസാസ് സ്ട്രീറ്റിലെ എൻജിനീയറിംഗ് വിദ്യാർഥിയുടെ പേരിലാണെന്നാണ് അധികൃതർ കണ്ടെത്തിയത്. നടി ഈ വിലാസത്തിൽ താമസിച്ചിരുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മതിയായ രേഖകളുമായി ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്ത് എത്തിച്ചതിലൂടെ 20 ലക്ഷം രൂപയോളം നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തൽ.