കരുനാഗപ്പള്ളി: നല്ല നാളുകൾ വരുമെന്ന് ഗീർവാണം പറഞ്ഞ് വന്നവർ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കഴിഞ്ഞപ്പോൾ അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ കാഴ്ചയാണുള്ളതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സിപിഎം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബിജെപി ദേശീയ അധ്യക്ഷന്റെ മകന്റെ സമ്പാദ്യം എത്രയോ മടങ്ങാണ് വർധിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സമ്പാദ്യവും വർധിക്കുകയാണ്. ബിജെപി ഭരണം അഴിമതിയുടെ ഭരണമായി മാറുകയാണ്.
സവർണ ഹിന്ദുത്വ ഫാസിസ്റ്റ് നയം അടിച്ചേൽപ്പിക്കാനാണ് അവരുടെ ശ്രമം.രാജ്യത്തെ മനുഷ്യർ എന്ത് ഭക്ഷിക്കണം എന്ത് ധരിക്കണം എന്ത് പറയണം എന്ന് ഞങ്ങൾ തീരുമാനിക്കും എന്ന ധാർഷ്ട്യമാണ് ബിജെപിയ്ക്കും കൂട്ടാളികൾക്കുമുള്ളത്. എന്നാൽ കേരളത്തിലിത് നടപ്പാവില്ലെന്ന് അമിത് ഷായ്ക്ക് ബോധ്യമായി.കുമ്മനത്തിന്റെ യാത്ര കൊലവിളിയുമായാണ് തുടങ്ങിയതെങ്കിൽ തിരുവനന്തപുരത്തെത്തിയപ്പോഴേക്കും അവരുടെ ഭാഷ മാറി.
വികസനത്തിൽ സംവാദം വേണമെന്ന നിലയിലേക്ക് മയപ്പെട്ടു. കേരളത്തിന്റെ മതേതര സംസ്കാരമാണ് അവരുടെ നിലപാട് മാറ്റാൻ നിർബന്ധിതമാക്കിയതെന്നും മന്ത്രി പറഞ്ഞു. ടി.സത്യൻ അധ്യക്ഷത വഹിച്ചു. കെ എസ് ഷറഫുദ്ദീൻ മുസലിയാർ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് ആർ ആര്യ, ജെ ഹരിലാൽ, പി ശിവരാജൻ, എൻ ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സൂസൻ കോടി ഉത്ഘാടനം ചെയ്തു.ആർ ഗോപി, എം സുഗതൻ, സരിത, സജീഷ് എന്നിവർ നേതൃത്വം നൽകി. ജി മോഹനകുമാർ, എം സുരേഷ് കുമാർ, വി ദിവാകരൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.