രാജ്യത്തിന്റെ തലവനായ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ തിരിച്ചടിയായാണ് ഒരു വര്‍ഷം മുമ്പ് രാജ്യത്ത് അരങ്ങേറിയ ആ വലിയ സംഭവത്തെ, നോട്ടുനിരോധനത്തെ രാജ്യം കാണുന്നത്. നവംബര്‍ എട്ടിന് നല്‍കിയ എട്ടിന്റെ പണി. ഒരു പ്രഖ്യാപനത്തിലൂടെ നടത്തിയ നോട്ടു നിരോധനം കള്ളപ്പണം തടയുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുമെന്നൊക്കെ വീരവാദം മുഴക്കിയെങ്കിലും പിന്നീട് ബിജെപി നേതാക്കള്‍ പോലും എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണ് മോദി നടത്തിയതെന്ന് പരസ്യമായും രഹസ്യമായും സമ്മതിക്കുകയുണ്ടായി. മുതലാളിമാര്‍ മുതല്‍ തൊഴിലാളികള്‍ വരെ നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടു. നാളുകളോളം ജനം പണത്തിനായി നെട്ടോട്ടമോടി.
എന്നാല്‍ നോട്ടു നിരോധനം പ്രഖ്യാപിച്ച സമയം മുതല്‍ തന്റെ തലവരമാറിയ ഒരാളുണ്ട് ഈ രാജ്യത്ത്. ഉത്തര്‍പ്രദേശിലെ അലിഗര്‍ഹ് സ്വദേശിയായ വിജയ് ശേഖര്‍ ശര്‍മ്മയെന്ന 39 കാരന്‍. പേടിഎമ്മിന്റെ സ്ഥാപകനും സി.ഇ.ഒയുമായ വിജയിയുടെ ജീവിതം 2016 നവംബര്‍ എട്ടിനു രാത്രി എട്ടുമണി മുതല്‍ മാറാന്‍ തുടങ്ങിയിരുന്നു. പത്തു രൂപപോലും കയ്യില്‍ ഇല്ലാതിരുന്ന ആ വ്യക്തിയിന്ന് 52,000 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ സി.ഇ.ഒയാണ്. മാതാപിതാക്കളില്‍ നിന്ന് പണം കടമെടുത്ത് ആരംഭിച്ച ടെലികോം സംരംഭം പൂര്‍ണ്ണ പരാജയമായി മാറിയ സമയത്തായിരുന്നു നോട്ടു നിരോധനവും ഡിജിറ്റല്‍ ഇന്ത്യയും ഉയര്‍ത്തിപ്പിടിച്ച് മോദിയുടെ രംഗപ്രവേശം. കറന്‍സി ഉപയോഗിക്കാതെ, ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്തുക എന്ന ആശയത്തിലൂന്നി 2010 ഓഗസ്റ്റില്‍ രൂപംകൊണ്ട കമ്പനിയെ അന്നുവരെ നാടും നാട്ടുകാരും കാര്യമായി പരിഗണിച്ചിരുന്നില്ല.
എന്നാല്‍ മോദിയുടെ ഒരു പ്രസംഗത്തിലൂടെ അതല്ലാതെ മറ്റൊരു വഴിയില്ലെന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തുകയായിരുന്നല്ലോ. അതില്‍ സന്തോഷിച്ചത് വിജയും അദ്ദേഹത്തിന്റെ കമ്പനിയും. വിജയിയുടെ കമ്പനിയുടെ പരസ്യം പോലും ഓരോരുത്തരുടെയും മനസിലേക്ക് ഈ കാലയളവില്‍ എത്തിയിരുന്നു. ‘പേയ് ടിഎം കരോ’ എന്ന പരസ്യവുമായി ഡിജിറ്റല്‍ ഇന്ത്യയെയും നോട്ടു നിരോധനത്തെയും ഉപയോഗിച്ചവര്‍ മറ്റാരെങ്കിലും ഉണ്ടോയെന്നതും സംശയമാണ്. ഫോബ്സിന്റെ ഇന്ത്യയിലെ യുവ ധനികരുടെ പട്ടികയില്‍ വിജയ് ഇടം പിടിക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ നോട്ട് നിരോധനത്തിന്റെ പ്രഖ്യാപനം വന്നപ്പോള്‍ കോടിക്കണക്കിനാളുകളോടൊപ്പം വിജയിയും കരഞ്ഞു. മറ്റുള്ളവര്‍ ഉള്ളുനീറിയാണെങ്കില്‍ വിജയ് സന്തോഷാധിക്യത്തിലാണെന്നു മാത്രം.