ഏങ്ങണ്ടിയൂർ: ഫാർമേഴ്സ് ബാങ്ക് ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ശാഖയിലെ ലോക്കറിൽനിന്ന് നാലു ലക്ഷം രൂപ സീനിയർ ക്ലാർക്ക് കവർന്നു. കെ.എസ്.അനിൽകുമാറാണ് മാനേജരേയും ഭരണസമിതിയേയും കബളിപ്പിച്ച് പണം മോഷ്ടിച്ചത്. സിസിടിവി കാമറയിലൂടെയാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്.
പരാതിപ്രകാരം അനിൽകുമാറിനെതിരെ പോലീസ് കേസെടുത്തു.ഇയാളെ ബാങ്കിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയിൽനിന്നാണ് നാലു ലക്ഷം രൂപ അനിൽകുമാർ അടിച്ചുമാറ്റിയത്. അനിൽകുമാറിന്റെ ഭാര്യ പണയം വച്ച സ്വർണാഭരണം ചൊവ്വാഴ്ച മാറ്റിയെടുത്തിട്ടും ആഭരണം മാനേജരെ കാണിക്കാതിരുന്നതാണ് സംശയം തോന്നി പരിശോധന നടത്താനും, തട്ടിപ്പ് കണ്ടെത്താനും ഇടയാക്കിയത്.
സെപ്റ്റംബർ 20 ന് അനിൽകുമാറിന്റെ ഭാര്യ 1.96 ലക്ഷം രൂപയ്ക്ക് സ്വർണാഭരണം പണയം വച്ചിരുന്നു. തുക പലിശസഹിതം അടച്ച് ആഭരണം ചൊവ്വാഴ്ച തിരിച്ചെടുത്തു. എന്നാൽ ആഭരണം എടുക്കുന്പോൾ ബാങ്ക് മാനേജരെ കാണിച്ചിരുന്നില്ല. ഇതോടെ സംശയം തോന്നിയ മാനേജർ മറ്റ് ഉദ്യോഗസ്ഥരെ വിളിച്ച് ലോക്കർ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് നാലുലക്ഷം രൂപ കുറവ് കണ്ടത്.
ഇതോടെ ബാങ്കിലെ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് ലോക്ക് തുറന്ന് അനിൽകുമാർ പണം കവരുന്ന ദൃശ്യം കണ്ടത്. ഈ പണം ഉപയോഗിച്ചാണ് ഇയാൾ ആഭരണം തിരിച്ചെടുത്തത്. തുടർന്ന് ബാങ്ക് ഭരണസമിതി യോഗം ചേർന്ന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
അനിൽകുമാറിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എം.എ.ഹാരിഷ് ബാബു പറഞ്ഞു. ഭരണസമിതിയുടെ തീരുമാനപ്രകാരം ബാങ്ക് മാനേജർ നൽകിയ പരാതിയിലാണ് വാടാനപ്പള്ളി പോലീസ് അനിൽകുമാറിനെതിരെ കേസെടുത്തത്. കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് എസ്ഐ ശ്രീജിത്ത് പറഞ്ഞു.