കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസിൽ നടൻ ദിലീപ് ആലുവ സബ് ജയിലിൽ കഴിയവെ സന്ദർശകരെ അനുവദിച്ചതിൽ നിയമലംഘനമുണ്ടെന്ന് ആരോപിച്ചു ഹർജി. ജയിൽ സൂപ്രണ്ടിനെതിരേ അന്വേഷണം വേണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. തൃശൂർ പീച്ചി സ്വദേശി മനീഷ എം. ചാത്തേലിയാണു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ജയിൽ ചട്ടങ്ങൾ ലംഘിച്ചു ദിലീപിനു സന്ദർശകരെ അനുവദിച്ചതിനെതിരേ ഡിജിപിക്കും ആലുവ റൂറൽ എസ്പിക്കും പരാതി നൽകിയിരുന്നു. ജയിലിൽ കഴിയുന്നവരെ അവരുടെ സുഹൃത്തുക്കൾക്ക് ആഴ്ചയിൽ രണ്ടുതവണ മാത്രമേ സന്ദർശനാനുമതി നൽകാവൂ എന്നു ചട്ടത്തിൽ പറയുന്നുണ്ട്. ഇതു ലംഘിച്ചു ചലച്ചിത്രതാരങ്ങളടക്കമുള്ള സുഹൃത്തുക്കൾക്കു സന്ദർശനം അനുവദിച്ചു.
അശ്ലീലദൃശ്യം പകർത്തിയ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ പോലീസ് ഉൗർജിത അന്വേഷണം നടത്തുന്ന സമയത്താണു ദിലീപിന്റെ സുഹൃത്തുക്കൾക്കു ജയിൽ സന്ദർശനം നടത്താൻ അനുമതി നൽകിയത്. സെപ്റ്റംബർ അഞ്ചിനു നടൻ കൂടിയായ കെ.ബി. ഗണേഷ് കുമാർ എംഎൽഎ ജയിലിലെത്തി ദിലീപിനെ കണ്ടു. ഒന്നര മണിക്കൂർ നേരം കാണാനും സെൽ സന്ദർശിക്കാനും അദ്ദേഹത്തെ അനുവദിച്ചു.
ഇതിലൊക്കെ ജയിൽ സൂപ്രണ്ടിന് പങ്കുണ്ടോയെന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയെന്നും ഹർജിയിൽ പറയുന്നു.