കൊച്ചി/മരട്: കൈകാലുകൾ ബന്ധിച്ച് ചാക്കിൽ കെട്ടിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മൃതദേഹം തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷമേ വ്യക്തമാകൂവെന്നും അധികൃതർ വ്യക്തമാക്കി. നിർമാണം നടന്നുവരുന്ന കുന്പളം – നെട്ടൂർ പാലത്തിനു സമീപത്തുനിന്നും ഇന്നലെ രാവിലെയാണ് ജീർണിച്ച് പുഴുവരിച്ച മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. വായിൽ തുണി തിരുകിയ നിലയിലും മുഖത്തും തലയുടെ ഭാഗത്തും വീതി കൂടിയ പ്ലാസ്റ്റിക് ടേപ്പ് ചുറ്റിയ നിലയിലുമായിരുന്നു.
മൃതദേഹം കാണപ്പെട്ട പ്ലാസ്റ്റിക് ചാക്ക് കയറുകൊണ്ട് കോണ്ക്രീറ്റ് കട്ട നിറച്ച മറ്റൊരു ചാക്കുമായി കെട്ടിയിരുന്നു. ഇതെല്ലാമാണ് സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. ആസൂത്രിതമായി നടന്ന സംഭവമാണെന്നും ഒന്നിലേറെപ്പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ദുർഗന്ധം വമിക്കുന്ന ചാക്കുകെട്ട് കായലിൽ പൊങ്ങിക്കിടക്കുന്നത് പ്രദേശവാസികളാണ് ആദ്യം കണ്ടത്. അറവു മാലിന്യങ്ങൾ ചാക്കിൽക്കെട്ടി നിക്ഷേപിച്ചതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. ദുർഗന്ധം രൂക്ഷമായതോടെ പനങ്ങാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. ഏകദേശം 45 വയസ് പ്രായം തോന്നിക്കും.
കടും നീല നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് മൃതദേഹത്തിൽ കാണപ്പെടുന്നത്. ദുരൂഹ മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. മധ്യമേഖല ഐ.ജി. പി. വിജയൻ, തൃക്കാക്കര അസി. കമ്മിഷണർ, തൃപ്പൂണിത്തുറ സി.ഐ. ബിജു എന്നിവർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
കൂടാതെ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. അതേസമയം, മുന്പും പലതവണ ഇത്തരത്തിൽ മൃതദേഹങ്ങൾ പ്രദേശത്ത് പൊങ്ങിയിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. സമീപ പ്രദേശങ്ങളിൽനിന്നടക്കം ഒഴുകിയെത്തിയിരുന്ന മൃതദേഹം ആരുടേതെന്ന് ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.