തിരിച്ചെത്തിയ 99 ശതമാനം നോട്ടുകളും കയറ്റിയയച്ചത് ദക്ഷിണാഫ്രിക്കയിലേയ്ക്ക്! മലിനീകരണം മുന്നില്‍കണ്ട് ആര്‍ബിഐ എടുത്ത തീരുമാനം; ഇന്ത്യയില്‍ നിരോധിച്ച നോട്ടുകള്‍ക്ക് പിന്നീട് സംഭവിച്ചതിത്

കഴിഞ്ഞ വര്‍ഷം, കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ എട്ടാം തിയതി രാജ്യം ഒരു തിരിച്ചടി നേരിട്ടു. തങ്ങള്‍ തെരഞ്ഞെടുത്ത് പ്രധാനമന്ത്രി പദത്തിലെത്തിച്ച വ്യക്തി തന്നെ ജനങ്ങള്‍ക്ക് നല്‍കിയ പ്രത്യുപകാരം. ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ ആഘാതത്തില്‍ നിന്ന് ജനങ്ങള്‍ മുക്തരായിട്ടില്ല. ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളും അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാന്‍ പൊള്ളുന്ന വെയിലത്ത് മണിക്കൂറുകളോളം വരി നിന്നതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല. നിരോധിച്ച 99 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇത്തരത്തില്‍ അസാധുവാക്കിയ ആ നോട്ടുകള്‍ പിന്നീടെന്തു ചെയ്തുകാണും എന്ന ചിന്ത പലര്‍ക്കുമുണ്ടാവും. ഇത്തരത്തില്‍ അസാധുവായ നോട്ടുകള്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കയറ്റിയയച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2019 ലെ ദക്ഷിണാഫ്രിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യ നിരോധിച്ച നോട്ടുകള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അറിയുമ്പോഴാണ് വിലയില്ലാത്ത പേപ്പറുകളായി മാറിയ 500, 1000 രൂപ നോട്ടുകളുടെ ഇനിയുള്ള അവസ്ഥ എന്താണെന്ന് മനസിലാകുക. ആര്‍ബിഐയും കേരളം ആസ്ഥാനമായ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയും ചേര്‍ന്നുണ്ടാക്കിയ കരാറിലൂടെയാണ് ഈ നോട്ടുകള്‍ ദക്ഷിണാഫ്രിക്കയിലെത്തുക. ആര്‍ബിഐയില്‍ നിന്നു വാങ്ങിയ നോട്ടുകള്‍ ആദ്യം പള്‍പ്പ് രൂപത്തിലേക്കും പിന്നീട് ഹാര്‍ഡ് ബോര്‍ഡിന്റെ രൂപത്തിലേക്കും പരിണാമം ചെയ്തായിരിക്കും ദക്ഷിണാഫ്രിക്കയിലെത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ പ്ലക്കാര്‍ഡുകളും ഹോര്‍ഡിംഗ്‌സുകളായും ഈ ഹാര്‍ഡ്‌ബോര്‍ഡുകള്‍ ഉപയോഗിക്കും. നോട്ട് നിരോധനം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടതോടെയാണ് തിരിച്ച് എത്തിയ നോട്ടുകള്‍ ഇനിയെന്ത് ചെയ്യുമെന്ന ചോദ്യം ആര്‍ബിഐയിലുണ്ടായത്. ഈ സമയത്താണ് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ആര്‍ബിഐയെ സമീപിക്കുന്നത്. നോട്ടുകള്‍ കൂട്ടിയിട്ട് കത്തിച്ചാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം മുന്നില്‍ കണ്ടതോടെ നോട്ടുകള്‍ പ്ലൈവുഡ് കമ്പനിക്ക് കൈമാറാന്‍ ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. ചെറു കഷണങ്ങളായി കീറിയ നോട്ടുകളാണ് ആര്‍ബിഐ പ്ലൈവുഡ് കമ്പനിക്ക് നല്‍കുക. ഏകദേശം 750 ടണ്‍ നോട്ടുകളാണ് ഇത്തരത്തില്‍ ദക്ഷിണാഫ്രിക്കയില്‍ എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

Related posts