കടുത്തുരുത്തി: ഭർത്താവിന്റെ പീഡനത്തിൽ മനം മടുത്ത് അമ്മയ്ക്കൊപ്പം വീടു വിട്ട ഭാര്യ വസ്ത്രങ്ങൾ ഉൾപെടെയുള്ള സ്വന്തം സാധനങ്ങൾ എടുക്കാൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ കണ്ടത് വീട്ടുകാരിയായി നിൽക്കുന്ന ഭർത്താവിന്റെ കാമുകിയെ. തുടർന്ന് ഭാര്യ പോലീസ് സ്റ്റേഷനിലേക്കു വിവരം അറിയിച്ചെങ്കിലും കാര്യം മണത്തറിഞ്ഞ ഭർത്താവ് ഓട്ടോറിക്ഷയുമായെത്തി നാട്ടുകാരും ഭാര്യയും നോക്കിനിൽക്കെ കാമുകിയെ കടത്തിക്കൊണ്ടു പോയി. ഭാര്യയുടെ പരാതിയിൽ സ്ഥലത്തെത്തിയ പോലീസ് പിന്നീട് ഭർത്താവിനെയും കാമുകിയെയും പിടികൂടി സ്റ്റേഷനിലെത്തിച്ചു.
ഞീഴൂർ കളത്തിക്കോട് ഇന്നലെയാണ് സംഭവം. പന്നിവളർത്തലും റബർ വെട്ടുമൊക്കെയായി കഴിഞ്ഞിരുന്ന മധ്യവയസ്കൻ അടുത്തകാലത്ത് നാട്ടിൽതന്നെ ഒരു കട ആരംഭിച്ചിരുന്നു. ഡ്രൈവിംഗ് പരിശീലനത്തിനായി കുറവിലങ്ങാട് എത്തിയപ്പോൾ പരിചയപ്പെട്ട ഇവിടത്തെ ഒരു കടയിലെ ജീവനക്കാരിയായ സ്ത്രീയെ ഇയാൾ കൂട്ടിക്കൊണ്ടു പോരുകയും തന്റെ കടയിലാക്കുകയുമായിരുന്നു.
പിന്നീട് ഇയാൾ രാത്രിയിൽ സ്വന്തം വീട്ടിൽ പോകുന്നത് നിർത്തി ജീവനക്കാരി താമസിക്കുന്ന വീട്ടിലാക്കി കിടപ്പെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് ഭാര്യ പോലീസിൽ നൽകിയ പരാതിയിൽ ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസ് കാമുകിയെ കടയിൽ കയറരുതെന്ന് വിലക്കിയ ശേഷം പറഞ്ഞയച്ചു.
കാമുകിയെ പറഞ്ഞുവിടാൻ കാരണക്കാരിയായ ഭാര്യയോടുള്ള വിരോധം ഇയാൾ പുറത്തെടുത്തതോടെ പീഡനത്തിൽ മനം നൊന്താണ് ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. രണ്ട് ദിവസം കഴിഞ്ഞ് ഇന്നലെ വസ്ത്രങ്ങൾ എടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് തന്റെ സ്ഥാനത്ത് ഭർത്താവ് കാമുകിയെ വീട്ടിൽ കേറ്റി പാർപ്പിച്ചിരിക്കുന്നത് ഭാര്യ കാണുന്നത്. ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുക്കുമെന്ന് എസ്ഐ കെ.കെ. ഷംസു പറഞ്ഞു.