കോതമംഗലം/മൂവാറ്റുപുഴ: സ്വകാര്യ ബസുകളിലെ “കിളി’കൾ യാത്രക്കാരെ ശല്യപ്പെടുത്തുന്നതായി പരാതി. സ്കൂൾ വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മൂവാറ്റുപുഴ-കോതമംഗലം, മൂവാറ്റുപുഴ-കാളിയാർ റൂട്ടുകളിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകളിൽ ക്ലീനർമാരുടെ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാന്ഡിൽ നിന്നു കോതമംഗലം ഭാഗത്തേക്കുള്ള ബസിൽ കയറിയ യുവാവിന്റെ പോക്കറ്റിലെ പണം അപഹരിക്കാൻ ബസിലെ കിളി ശ്രമിച്ചതായും ഇതു ചെറുത്തതിനെ തുടർന്നു സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ചവിട്ടി വീഴ്ത്താൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു.
ബസിലെ മറ്റു ജീവനക്കാരുടെ അറിവോടെയാണ് ക്ലീനർമാരുടെ ഇത്തരം നടപടികളെന്നും പറയപ്പെടുന്നു. താത്ക്കാലിക ജോലിക്കു കയറുന്ന കിളികളാണ് ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിൽ. കഴിഞ്ഞ ദിവസം വൈകുന്നേരം ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിയോട് കിളി അപമര്യാദയായി പെരുമാറുകയും ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കാതെ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടുകയും ചെയ്തു. ഇതു സംബന്ധിച്ച് രക്ഷിതാവ് പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് ബസ് ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടയയ്ക്കുകയായിരുന്നു.
സ്കൂൾ സമയത്ത് കിളികളുടെ കിന്നാരവും അസഭ്യവർഷവും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. വിദ്യാർഥികൾ ബസിൽ കയറുന്നത് ഒഴിവാക്കാനാണ് ഇത്തരം നടപടികളെന്നും ആക്ഷേപമുയരുന്നുണ്ട്. പ്രതികരിക്കുന്നവർക്കു നേരേ അസഭ്യവർഷവും പതിവാണ്. സ്റ്റോപ്പിൽ നിർത്തുന്ന ബസിൽ കയറാൻ ഓടിയെത്തുന്ന വിദ്യാർഥികളെ കയറ്റാതെ ബെല്ലടിച്ച് തിടുക്കത്തിൽ ഓടിച്ചു പോകുന്നതും പതിവാണ്.
ബസിന്റെ ചവിട്ടുപടിയിൽ നിൽക്കുന്ന കിളികൾ തിരക്കുള്ള സമയത്തുപോലും മാറികൊടുക്കാറില്ല. യാത്രക്കാർ ഇറങ്ങുന്നതിനു മുന്പേ ബെല്ലടിക്കുന്നതു പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്. സ്വകാര്യ ബസുകളിലെ കിളി ശല്യത്തിനെതിരേ നേരത്തെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചെങ്കിലും വീണ്ടും പഴയ പടിയായിരിക്കുകയാണ്.
ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും ഉൾപ്പെടെ നിർബന്ധമാക്കണമെന്നും മോട്ടോർ വാഹന വകുപ്പും ട്രാഫിക് പോലീസും പരിശോധന നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.