വടകര: റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് 65 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.ആളില്ലാത്ത നിലയിലാണ് പുകയില ഉൽപന്നങ്ങൾ കാണപ്പെട്ടത്. അന്പതിനായിരം രൂപ വിലവരുന്ന ഇവ കേരളത്തിൽ വിറ്റാൽ അഞ്ചു ലക്ഷം രൂപയോളം ലഭിക്കും.
അന്യ സംസ്ഥാനങ്ങളിൽ നിന്നു ട്രെയിൻ മാർഗം പുകയില ഉത്പന്നങ്ങൾ വൻതോതിൽ കേരളത്തിലെത്തുന്നുണ്ട്. ഇത് തടയാൻ പോലീസും എക്സൈസും ആർപിഎഫും റവന്യു വകുപ്പും രംഗത്തുണ്ട്. റെയിൽവെ സ്റ്റേഷനിലെ പരിശോധനക്കു പുറമെ ആർപിഎഫുമായി ചേർന്ന് എക്സൈസ് അധികൃതർ ട്രെയിനുകളിലും റെയ്ഡ് നടത്താറുണ്ട്.
ആരോഗ്യത്തിനു ഹാനികരമെന്നത് കണ്ടാണ് കേരളത്തിൽ പുകയില ഉൽപന്നങ്ങൾ നിരോധിച്ചത്. ഇത് അന്യ സംസ്ഥാനങ്ങളിൽ ബാധകമല്ലാത്തതിനാൽ അവിടങ്ങളിൽ നിന്നു വൻതോതിലാണ് ഇവ കേരളത്തിൽ എത്തുന്നത്.നിരോധിത പുകയില ഉൽപന്നങ്ങളുടെ വ്യാപനം തടയാൻ നിയമപരമായി തന്നെ കർശന നടപടി വേണ്ടതുണ്ടെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പിഴ അടച്ച് പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.