പതിറ്റാണ്ടുകളായി പൊതുജീവിതം നടത്തുന്ന തനിക്ക് ഒട്ടേറെ ഭീഷണികളും ബ്ലാക്ക്‌മെയിലുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതില്‍ ഒരെണ്ണത്തിന് വിധേയനാവേണ്ടി വന്നതില്‍ കുറ്റബോധവും അതിയായ ദുഖവുമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
‘ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയ്ലിങ്ങിനു വഴങ്ങേണ്ടിവന്നത്. കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റു ചില കാര്യങ്ങള്‍ അബദ്ധമായോ എന്നു സംശയമുണ്ട്. അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. ആരുടെയും കാലു പിടിക്കാനില്ല. അന്തിമ തീരുമാനം വരുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുക ഞാനായിരിക്കും’. ഉമ്മന്‍ചാണ്ടി പറഞ്ഞു.
‘ഒരു നടപടിയെയും ഭയപ്പെടുന്നില്ല. എനിക്കോ മറ്റുള്ളവര്‍ക്കോ ഒന്നും മറച്ചുവയ്ക്കാനില്ല. 50 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്നു. ഇന്നുവരെ അഴിമതി ആരോപണത്തിനോ ലൈംഗികാരോപണത്തിനോ ഇടവരുത്തിയിട്ടില്ല. അത്തരം ബലഹീനതകളുണ്ടെങ്കില്‍ ജനം പണ്ടേ മനസ്സിലാക്കുമായിരുന്നു. ആക്ഷേപത്തില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ പിന്നെ പൊതു ജീവിതത്തില്‍ ഉണ്ടാവില്ല. ബിജു രാധാകൃഷ്ണനുമായി 15 മിനിറ്റ് സംസാരിച്ചത് എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഞാനായിട്ടു പറയുന്നില്ല. കമ്മിഷന്റെ രേഖകളില്‍ ചിലപ്പോള്‍ ഉണ്ടാകാം. ലൈംഗിക പീഡനം പോലുള്ള കാര്യത്തില്‍ ഒരാള്‍ കള്ളം പറയുമെന്നു ഞാന്‍ ഇതുവരെ കരുതിയില്ല. ഇപ്പോള്‍ അതു മനസ്സിലായി’. ഉമ്മന്‍ ചാണ്ടി പറഞ്ഞു.