തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച അദ്ദേഹവുമായി ഏറെ അടുപ്പമുള്ള ആൾ ആരാണെന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു.
സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ ചർച്ച ചെയ്ത ശേഷം ഉമ്മൻചാണ്ടി നടത്തിയ വാർത്താസമ്മേളനത്തിലാണ് തന്നെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. അത് ആരാണെന്ന് സമയമാകുന്പോൾ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉമ്മൻചാണ്ടിയുടെ ഈ വാക്കുകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ പല അഭ്യഹങ്ങൾക്കും ഇടവരുത്തുകയും ചർച്ചയാകുകയും ചെയ്തിരിക്കുന്നത്.
ഭരണ-പ്രതിപക്ഷ കക്ഷിയിലെ പല നേതാക്കളും ആ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച വ്യക്തി ആരാണെന്ന കാര്യത്തിൽ രാഷ്ട്രീയവൃത്തങ്ങളിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ, പേഴ്സണൽ സ്റ്റാഫിലെ രണ്ട് അംഗങ്ങൾ, രണ്ട് ഉദ്യോഗസ്ഥർ, ഘടക കക്ഷിയിലെ ചില നേതാക്കൾ എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളായി പ്രചരിക്കുന്നത്.
എന്നാൽ ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടി മനസ്സ് തുറന്നാൽ മാത്രമെ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച അടുപ്പക്കാരൻ ആരാണെന്ന കാര്യം രാഷ്ട്രീയ കേരളം അറിയുകയുള്ളൂ. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ കണ്ടെത്തലിൽ കോണ്ഗ്രസിലെ എ,ഐ, ഗ്രൂപ്പുകളിൽപ്പെട്ട നേതാക്കൾ ആരോപണ വിധേയരായ പശ്ചാത്തലത്തിൽ ഒറ്റക്കെട്ടായി ആരോപണങ്ങളെ നേരിടാനാണ് കോണ്ഗ്രസ് നേതാക്കളുടെ തീരുമാനം.
നിയമപരമായും രാഷ്ട്രീയമായും ആരോപണങ്ങളെ നേരിടാൻ നേരത്തെ തന്നെ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾക്ക് എതിർ അഭിപ്രായം ഉള്ളവരുമുണ്ട്.