ആലപ്പുഴ: അഭിമുഖ പരീക്ഷയ്ക്കുള്ള കാർഡ് നൽകുന്നതിൽ തപാൽ വകുപ്പിന്റെ വീഴ്ച കെടുത്തിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ. ആലപ്പുഴ നഗരസഭ സക്കറിയാ ബസാർ വാർഡ് ദേവസ്വം പുരയിടത്തിൽ ഷാഹിദയ്ക്കാണ് അഭിമുഖ പരീക്ഷയ്ക്കുള്ള കാർഡ് വൈകി ലഭിച്ചതുമൂലം അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.
32 വർഷമായി എംപ്ലോയ്മെന്റ് എക്സേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഇവർ തിരുവനന്തപുരം ഡിഎംഒ ഓഫീസിൽ ആരോഗ്യവകുപ്പിലെ സെക്കൻഡ് ഗ്രേഡ് തസ്തികയിലേക്ക് ചൊവ്വാഴ്ച നടന്ന അഭിമുഖ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നു. ഇത് അറിയിച്ചുകൊണ്ടുള്ള കാർഡ് കഴിഞ്ഞ രണ്ടിന് ഡിഎംഒ ഓഫീസിൽ നിന്നും അയയ്ക്കുകയും ചെയ്തു. എന്നാൽ പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസമാണ് ഷാഹിദയ്ക്ക് ഇന്റർവ്യു കാർഡ് ലഭിച്ചത്. ഇതോടെ അർഹമായ അവസരമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നാണ് ഷാഹിദ പറയുന്നത്.
ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർ, വിധവകൾ, വികലാംഗർ എന്നിവർക്കായുള്ള വിഭാഗത്തിൽ നിന്നും സെക്കൻഡ് ഗ്രേഡ് തസ്തികയിലേക്കു നടത്തുന്ന നിയമനവുമായി ബന്ധപ്പെട്ട അഭിമുഖ പരീക്ഷയിലാണ് ഭർത്താവ് ഉപേക്ഷിക്കപ്പെട്ട ഷാഹിദയുടെ പേര് ഉൾപ്പെട്ടത്. പ്രായമായ മാതാപിതാക്കളും മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് 49 കാരിയായ ഷാഹിദ. നിലവിൽ ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇവരുടെ ജീവിത മാർഗം.
തപാൽ വകുപ്പിന്റെ അനാസ്ഥമൂലം ജോലിയ്ക്കുള്ള അവസരം നഷ്ടപ്പെട്ടത് സംബന്ധിച്ച് ജില്ലാ പോസ്റ്റൽ സൂപ്രണ്ടിനും, പോസ്റ്റ് മാസ്റ്റർ ജനറലിനും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഷാഹിദ.