ബംഗളൂരു: ലോക്കോ പൈലറ്റില്ലാതെ ഓടിയ ട്രെയിൻ എൻജിൻ രജനികാന്ത് സിനിമയെ വെല്ലുന്ന പ്രകടനത്തിലൂടെ റെയിൽവെ ജീവനക്കാരൻ നിർത്തി. തനിയെ ഓടിയ എൻജിൻ 13 കിലോമീറ്റർ ദൂരം ബൈക്കിൽ പിന്തുടർന്നാണ് പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരം കർണാടകയിലെ വാഡി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മുംബൈയിൽനിന്നുള്ള ട്രെയിൻ റെയിൽവെ സ്റ്റേഷനിൽ എൻജിൻമാറ്റി ഘടിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വൈദ്യുത എൻജിനു പകരം ഡീസൽ എൻജിൻ ഘടിപ്പിക്കുമ്പോൾ എൻജിനുകൾ നിർത്തി ലോക്കോപൈലറ്റ് പുറത്തിറങ്ങി. ഈ സമയം ഡീസൽ എൻജിൻ എതിർദിശയിലേക്ക് തനിയെ ഓടിത്തുടങ്ങി. ഇതോടെ ഒരു ജീവനക്കാരൻ ബൈക്കിൽ എൻജിനെ പിന്തുടർന്നു. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് എൻജിൻ ഓടിയത്.
അധികൃതർ ഇതിനകം ട്രെയിൻ ഓടിയ ദിശയിലെ രണ്ട് റെയിൽവെ സ്റ്റേഷനുകളിൽ വിവരം അറിയിച്ച് ലൈൻ ക്ലിയർ ചെയ്തിരുന്നു. മറ്റു ട്രെയിനുകൾ പിടിച്ചിട്ടാണ് അപകടം ഒഴിവാക്കിയത്. ഇരുപതു മിനിറ്റു നേരെ ബൈക്കിൽ പിന്തുടർന്ന ജീവനക്കാരൻ ഒടുവിൽ സാഹസികമായി എൻജിനുള്ളിൽ പ്രവേശിച്ചു. അപ്പോഴേക്കും വാഡിയിൽനിന്നും പുറപ്പെട്ട എൻജിൻ 13 കിലോമീറ്റർ അകലെ നൽവാർ സ്റ്റേഷനിൽ എത്തിയിരുന്നു. നൽവാർ സ്റ്റേഷനിൽനിന്നും മാറിയാണ് എൻജിൻ നിർത്താനായത്. സംഭവത്തിൽ റെയിൽവെ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.