പുതുക്കാട് : വ്യാജ ലോട്ടറി നൽകി ചില്ലറ ലോട്ടറി വില്പനക്കാരനിൽ നിന്ന് പണം തട്ടിയതായി പരാതി. കല്ലൂർ പച്ചളിപ്പുറം നെടുന്പക്കാരൻ പൈലനാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. ചെങ്ങാലൂരിൽ ലോട്ടറി വില്പന നടത്തിക്കൊണ്ടിരിക്കെ പൈലനെ സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് വന്നയാളാണ് 1000 രൂപയുടെ സമ്മാനം ലഭിച്ച ലോട്ടറിയെന്ന് പറഞ്ഞ് രണ്ട് ടിക്കറ്റുകൾ നൽകിയത്.
ഒരു ടിക്കറ്റ് പൈലൻ എടുക്കുകയും 300 രൂപയ്ക്ക് ലോട്ടറിയും ബാക്കി തുകയായ 700 രൂപ നൽകുകയായിരുന്നു. ടിക്കറ്റുമായി ഏജൻസിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഒരേ നന്പറുള്ള രണ്ട് ടിക്കറ്റുകളാണ് വന്നയാളുടെ കൈവശം ഉണ്ടായിരുന്നത്.
സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നന്പർ വേറെ ടിക്കറ്റിൽ വ്യാജമായി പ്രിന്റ് ചെയ്താണ് ഇത്തരത്തിലുള്ള സംഘം തട്ടിപ്പ് നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ 1000 രൂപ സമ്മാനം ലഭിച്ച നന്പറുള്ള വ്യാജ ടിക്കറ്റാണ് പൈലന് നൽകിയത്.
പൈലൻ ഏജൻസികളിൽ നിന്ന് ടിക്കറ്റ് എടുത്ത് ചില്ലറ വില്പന നടത്തുന്ന ആളാണ്. ചെറുകിട വിൽപനക്കാരെ മാത്രം ലക്ഷ്യമാക്കിയാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നത്. സമ്മാനം പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇങ്ക് ജെറ്റ് പ്രിന്ററിൽ പ്രിന്റ് ചെയ്തെടുത്ത ടിക്കറ്റ് ചെറുകിട വില്പനക്കാരെ കണ്ടെത്തി നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.