ഇക്കാലത്തെ ഒട്ടുമിക്ക വിദ്യാര്‍ഥികളും മൊബൈല്‍ഫോണ്‍ കൈയ്യിലേന്തി സമയം ചിലവഴിക്കുമ്പോള്‍ അതില്‍ നിന്നും ഏറെ വ്യത്യസ്ഥനാണ് ചിറകമ്പത്ത് പുറഞ്ചേരി സുരേഷ്-ഉഷ ദമ്പതികളുടെ മകന് അപ്പു എന്ന സൂരജ്. കൃഷിയാണ് അപ്പുവിന് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം. അമ്മ ഉഷയുടെ അടുക്കളത്തോട്ടത്തിലെ ചീരയും, പാവലും ഒക്കെയാണ് അപ്പുവിന് കര്‍ഷകനാകാന്‍ പ്രചോദനമായത്.
പൂര്‍ണ്ണമായും ഒരു ജൈവ വിപ്ലവമാണ് സൂരജ് ഒരുക്കുന്നത്.കൃഷി വെറുതെ ജീവിതമാര്ഗമാക്കുകയല്ല ഈ കുട്ടി കര്ഷകന് ചെയ്തത്.പ്ലസ് വണ്ണില്‍ കൃഷി പ്രധാന വിഷയമായി തിരഞ്ഞെടുക്കുകയും ആ വര്‍ഷം തന്നെ ഒരേക്കര്‍ കൃഷി ഭൂമിയില്‍ വിളവെടുപ്പ് നടത്തുകയും ചെയ്തു.തുടര്‍ന്ന് കൃഷി 5 ഏക്കറിലേക്ക് വ്യാപിപ്പിച്ചു.ഇപ്പോള്‍ മൊത്തം 15 ഏക്കറിലാണ് ഈ അപ്പു പൊന്നു വിളയിക്കുന്നത്.അതില്‍ പച്ചക്കറികളും, പഴവര്ഗ്ഗങ്ങളില്പ്പെട്ട പാഷന് ഫ്രൂട്ട്, അവക്കാഡോ, ലിച്ചി തുടങ്ങിയവയും ഒരേക്കറില്‍ നെല്‍കൃഷിയും ഉള്‍പ്പെടുന്നു.ഒരുവിധം എല്ലാപച്ചക്കറികളും സൂരജിന്റെ ഫാമില്‍ ഉല്പാദിപ്പിക്കുന്നുണ്ട്.മാത്രല്ല എല്ലാ മാസവും തുടര്‍ച്ചയായ പ്ലാന്റിങ്ങും നടക്കുന്നുണ്ട്.
കൃഷിക്ക് പുറമേ എട്ടോളം നാടന്‍ പശുക്കളെയും വളര്‍ത്തുന്നുണ്ട്.ആദ്യം സുഭാഷ് പല്ലേക്കറുടെ സീറോ ബജറ്റ് നാച്വറല്‍ ഫാമിംഗ് രീതിയാണ് സൂരജ് സ്വീകരിച്ചിരുന്നത്.തുടര്‍ന്ന് വൃക്ഷായുര്‍വേദ എന്ന അയ്യായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രന്ഥത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വൃക്ഷായുര്‍വേദ രീതിയാണ് ഇപ്പോള്‍ കൃഷിയില്‍ സ്വീകരിച്ചിരിക്കുന്നത്. 2014-ല്‍ കേരള നിയമസഭയില്‍ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ജൈവകൃഷിയെപറ്റി ക്ലാസ് എടുത്തു കൊടുത്ത ഈ മിടുക്കന് കൃഷിരത്ന അവാര്‍ഡ് ഉള്‍പ്പെടെ രണ്ട് കേരള കര്‍ഷക പ്രതിഭാ പുരസ്കാരവും വയനാട് ജില്ലാ വിദ്യാര്‍ത്ഥി കര്‍ഷകനുള്ള അവാര്‍ഡും മറ്റ് ആറോളം അവാര്‍ഡുകളും ഈ ചെറിയ പ്രായത്തിലേ കരസ്ഥമാക്കിയിരിക്കുന്നു.
തീര്‍ന്നില്ല ഈ മിടുക്കന്റെ വിശേഷം; ഫാമില്‍ ഉല്പാതിപ്പിക്കുന്ന ഉത്പന്നങ്ങള്‍ മികച്ചരീതിയില്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തൊടെ പ്രൊമോട്ട് ചെയ്യാനും സംസ്കൃതി അഗ്രോ എന്നപേരില്‍ വിജയകരമായി മാര്‍ക്കറ്റില്‍ എത്തിയ്ക്കാനും ഈ മിടുക്കനു കഴിഞ്ഞു. ഈ മാസം ഒമ്പതു മുതല്‍ 11 വരെ നടക്കുന്ന വേള്‍ഡ് ഓര്‍ഗാനിക് കോണ്‍്ഗ്രസ്സില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോയിരിക്കുകയാണ് അപ്പു ഇപ്പോള്‍.കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ കോളേജ് ഓഫ് കേരള ഹോര്‍ട്ടി കള്‍ച്ചര്‍ വെള്ളാനിക്കരയില്‍ ബി.എസ്.സി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സൂരജ്.