കൊച്ചി: ലോക ഫുട്ബോളിലെ വമ്പന്‍ താരങ്ങളെ പാളയത്തിലെത്തിച്ചിട്ടും ഐഎസ്എലിന്റെ മൂന്നു സീസണിലും കിരീടമെന്ന സ്വപ്നം അകലെയായി പോയ ടീമാണ് ഡല്‍ഹി ഡൈനാമോസ്. പ്രഥമ ലീഗില്‍ അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ട ഡല്‍ഹി രണ്ടാം വര്‍ഷം അതു നാലാം സ്ഥാനമാക്കി ഉയര്‍ത്തി.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനു മുന്നില്‍ സെമിയില്‍ പരാജയപ്പെട്ടതോടെ മൂന്നാം സ്ഥാനത്തു കളി അവസാനിപ്പിച്ചു. ഈ സീസണിലൊക്കെ ഡെല്‍ പിയറോ, റോബര്‍ട്ടോ കാര്‍ലോസ്, ഫ്ളോറന്റ് മലൂദ, ജിയാന്‍ ലൂക്ക സംബ്രോട്ട എന്നിങ്ങനെ പേരും പെരുമയുമുള്ള താരങ്ങള്‍ മാര്‍ക്വീ താരങ്ങളായും പരിശീലകരായും എത്തിയെങ്കിലും ചാമ്പ്യന്‍ഷിപ് സ്വന്തമാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഇതോടെ ഇത്തവണ വമ്പന്‍ താരങ്ങളെ എത്തിക്കുന്നതിനു പകരം എല്ലാ മേഖലകളിലും മികവു തെളിച്ച താരങ്ങളെ സ്വന്തമാക്കിയാണു ഡൈനാമോസ് കളത്തിലിറങ്ങുന്നത്.
ഒരുക്കം
കഴിഞ്ഞ തവണ പരിശീലിപ്പിച്ച ജിയാന്‍ ലൂക്ക സംബ്രോട്ടയ്ക്കു പകരം സ്പെയിനില്‍നിന്നുള്ള മിഗ്വേല്‍ ഏഞ്ചല്‍ പോര്ച്ചുഗലാണു ഇത്തവണ ഡല്‍ഹിയെ പരിശീലിപ്പിക്കാന്‍ എത്തിയത്. ഖത്തറിലും സ്പെയിനിലുമായിരുന്നു ടീം പരിശീലന മത്സരങ്ങള്‍ കളിച്ചത്. എന്നാല്‍, അത്രയൊന്നും ആശാവഹമായിരുന്നില്ല ടീമിന്റെ പ്രകടനങ്ങള്‍. സ്പെയിനില്‍ കളിച്ച രണ്ടു കളികളിലും ടീം തോല്‍വിയേറ്റുവാങ്ങി. ഇതിനുശേഷം ഖത്തറിലും രണ്ടു മത്സരം കളിച്ചപ്പോള്‍ ഒരെണ്ണത്തില്‍ വിജയം കണ്ടു. പക്ഷേ, ഇന്ത്യയില്‍ കളിച്ച രണ്ടു പരിശീലന മത്സരങ്ങളിലും മിന്നും ജയം സ്വന്തമാക്കിയതോടെ ടീം ആത്മവിശ്വാസം വീണ്ടെടുത്തു.
താരത്തിളക്കം കുറഞ്ഞ സംഘം
അത്ര മേന്മയുള്ള താരങ്ങളെന്നും ഇത്തവണ ഡല്‍ഹിയുടെ കൂടാരത്തില്‍ ഇല്ലെന്നുള്ളതാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ തവണ ടോപ് സ്കോററായ മാഴ്സലീഞ്ഞോയെ നിലനിര്‍ത്തിയിട്ടുമില്ല. വിദേശ താരങ്ങള്‍ക്കു പകരം പ്രതിഭാ സമ്പന്നരായ ഇന്ത്യന്‍ താരങ്ങള്‍ക്കാണു ടീം പ്രമുഖ്യം നല്‍കിയിരിക്കുന്നത്. നൈജീരിയയില്‍ നിന്നുള്ള കാലു ഉച്ചെ, ബ്രസീലിയന്‍ താരം പൗളീഞ്ഞോ ഡയസ്, സ്പെയിന്റെ എഡ്വാര്‍ഡോ മോയ എന്നിവരാണു പ്രശസ്തരായ താരങ്ങള്‍ എന്നു പറയാനുള്ളത്.
മെയ്ഡ് ഇന്‍ ഇന്ത്യ
ഗോള്‍കീപ്പര്‍മാര്‍ മുതല്‍ മുന്നേറ്റനിരയില്‍ വരെ ഇന്ത്യന്‍ യുവ താരങ്ങള്‍ക്കു പ്രതിഭ തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇത്തവണ ഡല്‍ഹി ടീം നല്‍കുന്നത്. ഗോള്‍ കീപ്പര്‍മാര്‍ മൂന്നു പേരും ഇന്ത്യക്കാരാണ്. ഡിഫന്‍സില്‍ ഏഴു പേരും മിഡ്ഫീല്‍ഡില്‍ നാലു പേരും അണിനിരക്കുന്നു. മുന്നേറ്റ നിരയിലെ രണ്ടു പേര് കൂടി ചേരുമ്പോള്‍ 13 ഇന്ത്യന്‍ താരങ്ങളാണു ഡല്‍ഹി നിരയിലുള്ളത്. ചാമ്പ്യന്‍ഷിപ് നേടാനുള്ള അനുഭവ സമ്പത്തിന്റെ പോരായ്മ മാത്രമാണ് ഡല്‍ഹിയെ ഇപ്പോള്‍ അലട്ടുന്ന പ്രശ്നം. പക്ഷേ, യുവനിരയുടെ കരുത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചാണ് പരിശീലകന് ടീമിനെ സജ്ജമാക്കുന്നത്.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
എഫ്സി ഗോവയുടെ മിന്നും താരമായരുന്ന റോമിയോ ഫെര്‍ണാണ്ടസാണു മധ്യനിരയില്‍ ഡല്‍ഹിയുടെ വിശ്വസ്തന്. വിംഗുകളില്‍ കൂടി പറന്നുവന്നു വല നിറയ്ക്കുകയും മികച്ച അസിസ്റ്റുകള്‍ നല്‍കുകയും ചെയ്യുന്ന റോമിയോയുടെ കഴിവു മുന്‍വര്‍ഷത്തെ ഐഎഎസ്എല്‍ മത്സരങ്ങളില്‍ തെളിഞ്ഞതാണ്. കൂടാതെ, കോല്‍ക്കത്തയില്‍നിന്നു സ്വന്തമാക്കിയ പ്രീതം കോട്ടലും സേന റാല്ത്തയും ഡച്ച് ദ്വയങ്ങളായ ജെറിയോണ്‍ ലുമുവും ഗുയോണ്‍ ഫെര്‍ണാണ്ടസും ഡൈനാമോസിനു ഊര്‍ജമാകുന്നു.
ബിബിൻ ബാബു