മോസ്കോ: ടെക്നോ ബീറ്റിന്റെ നിറഞ്ഞ അകമ്പടിയില്‍ ഇരുണ്ട മുറിയിലെ അരണ്ട വെളിച്ചത്തിലേക്ക് മിഴിയൂന്നി നിന്ന ആരാധകര്‍ക്കു മുന്നിലേക്ക് ടെല്‍സ്റ്റാര്‍ 18 അനാവൃതമായി. 2018 ലോകകപ്പിന്റെ ഒദ്യോഗിക പന്തായ ടെല്‍സ്റ്റാര്‍ 18ന്റെ പ്രകാശനം ആവേശോജ്വലമായി. സൂപ്പര്‍താരം ലയണല്‍ മെസിയാണ് പന്ത് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.
കറുപ്പും വെളുപ്പും ഇടകലര്‍ന്ന കളങ്ങളാല്‍ രൂപകല്പന ചെയ്തിരിക്കുന്ന പന്ത് ആദ്യദര്‍ശനത്തില്‍ തന്നെ ആരാധകരുടെ ഇഷ്ടം നേടി. മെസിയും വൈകാതെതന്നെ പന്തിന്റെ ആരാധകനായി. ‘’ഈ നിറവും ഡിസൈനും എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. പിച്ചിലേക്ക് ഇതുമായി ഇറങ്ങാന്‍ എനിക്ക് തിടുക്കമായി’’ എന്നായിരുന്നു മെസിയുടെ വാക്കുകള്‍. മോസ്കോ എക്സിബിഷന് ഹാളിലെ കാമറകള്‍ക്ക് മതിയാവോളം മെസി ടെല്‍സ്റ്റാറുമായി പോസ് ചെയ്തു.
പന്ത് രൂപകല്പന ചെയ്ത അഡിഡാസാണ് പ്രകാശനച്ചടങ്ങ് ഒരുക്കിയത്. മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തില്‍ മെസി ഇന്ന് ടെല്‍സ്റ്റാറുമായി കൂട്ടു കൂടാനിറങ്ങും. ലോകകപ്പിനായി നവീകരിച്ചതിനുശേഷം ലുസ്നിക്കിയില് ആദ്യമായി ലോകകപ്പിന്റെ ഔദ്യോഗിക പന്തുരുളുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ ചടങ്ങിന്. 1980 സമ്മര്‍ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ലുസ്നിക്കി സ്റ്റേഡിയം പൂര്‍ണമായും പൊളിച്ചുനീക്കിയാണ് ആധുനിക സ്റ്റേഡിയം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പെലെയുടെയും ബെക്കന്‍ബോവറിന്റെയും സുവര്‍ണകാലമായിരുന്ന 1970 ലും 74ലും ഉപയോഗിച്ച ടെല്‍സ്റ്റാറിന്റെ പുതുരൂപമാണ് ടെല്‍സ്റ്റാര്‍ 18 എന്ന് നിര്‍മാതാക്കളായ അഡിഡാസ് പറഞ്ഞു. സ്റ്റാര്‍ ഓഫ് ടെലിവിഷന്‍ എന്നതിന്റെ ചുരുക്കമായാണ് ടെല്‍സ്റ്റാര്‍ എന്ന പേര് അന്നുപയോഗിച്ചത്. കളര്‍ ടെലിവിഷനുകള്‍ അപൂര്‍വമായിരുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവികള്‍ക്ക് ഏറെ അനുയോജ്യമായിരുന്നു അന്നത്തെ ടെല്‍സ്റ്റാര്‍ ഡിസൈന്‍. ആദ്യമായി ലോകകപ്പിന് ആതിഥ്യമരുളുന്ന റഷ്യന്‍മണ്ണില്‍ ടെല്‍സ്റ്റാര്‍ ഉരുളുന്നതു കാണാന്‍ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.