കൊച്ചി: പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് കേരളത്തിൽ നികുതി അടയ്ക്കില്ലെന്ന് നടി അമല പോൾ. വ്യാജ മേൽവിലാസത്തിൽ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് മോട്ടോർവാഹന വകുപ്പ് നൽകിയ നോട്ടീസിനാണ് നടി ഇത്തരത്തിൽ മറുപടി നൽകിയത്.
സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്ന ആളാണ് താൻ. പുതുച്ചേരിയിൽ ഷൂട്ടിംഗ് നടക്കുന്പോൾ അവിടെയാണ് താമസിച്ചുവരുന്നത്. ഷൂട്ടിംഗിനായി ഇടയ്ക്കിടെ മാത്രമാണ് കേരളത്തിൽ വരുന്നതെന്നും അതിനാൽ കേരളത്തിൽ വാഹന നികുതി അടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അഭിഭാഷകൻ മുഖേന മോട്ടോർവാഹന വകുപ്പിന് നടി നൽകിയ മറുപടി. ഇന്നലെ ഉച്ചകഴിഞ്ഞാണ് നടി നിലപാട് വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് അമലപോൾ മോട്ടോർവാഹന വകുപ്പിന് മറുപടി നൽകുന്നത്.
ആഢംബര വാഹനം രജിസ്റ്റർ ചെയ്യാൻ വ്യാജരേഖയുണ്ടാക്കിയെന്ന കണ്ടെത്തലിനെത്തുടർന്ന് അമല പോളിനോട് മുഴുവൻ രേഖകളും ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആറിന് അഭിഭാഷകൻ മുഖേന നടി രേഖകൾ ഹാജരാക്കിയിരുന്നെങ്കിലും പൂർണമായിരുന്നില്ല. ഇതേത്തുടർന്ന് പത്തിനകം മുഴുവൻ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നര ലക്ഷം രൂപമാത്രം നികുതി നൽകിയാണ് അമല പോൾ തന്റെ ആഢംബര കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ ഓടുന്നത് കൊച്ചിയിലാണെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്ത് എത്തിച്ചതിലൂടെ 20 ലക്ഷം രൂപയോളം നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തൽ.
അമലപോൾ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരി തിലാസപ്പെട്ട് സെന്റ് തെരേസാസ് സ്ട്രീറ്റിലെ എൻജിനീയറിംഗ് വിദ്യാർഥിയുടെ പേരിലാണെന്നാണ് കണ്ടെത്തിയിരുന്നത്. നടി ഈ വിലാസത്തിൽ താമസിച്ചിരുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മതിയായ രേഖകളുമായി ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, നടിയുടെ മറുപടി തൃപ്തികരമല്ലെന്നും നടപടി തുടരുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.
നടി സമർപ്പിച്ചിരിക്കുന്ന മേൽവിലാസം തെറ്റാണെങ്കിൽ കാറിന്റെ രജിസ്ട്രേകൻ റദ്ദാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ സംഘം പുതുച്ചേരിയിലെത്തി നടത്തി അന്വേഷണത്തിന്റെ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിലാകും തുടർ നടപടികളെന്നും അധികൃതർ വ്യക്തമാക്കി.