കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതികളുടെ നിയമവിരുദ്ധ പരോളിനെ സംബന്ധിച്ച് പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും ജയിൽ ഡിജിപി മറുപടി നൽകിയില്ലെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. രമ. നിയമം കാറ്റിൽപ്പറത്തി ടി.പി കേസിലെ പ്രതികൾക്ക് ജയിലിനകത്തും പുറത്തും എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനെക്കുറിച്ചും അടിക്കടി പരോൾ അനുവദിക്കുന്നതിനെക്കുറിച്ചും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്ക് ആർഎംപിഐ കഴിഞ്ഞ മാസമാണ് പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ പരിശോധന പോയിട്ട് ജയിൽ വകുപ്പിന്റെ ഒരു മറുപടി പോലും ലഭിച്ചിട്ടില്ലെന്ന് കെ.കെ. രമ രാഷ്ട്രദീപികയോട് പറഞ്ഞു.
നിയമത്തെ വെല്ലുവിളിച്ച് കൊലക്കേസ് പ്രതികൾ ഇത്തരത്തിൽ പുറത്തിറങ്ങി നടക്കുന്പോൾ ജയിൽ വകുപ്പ് അതിന് കൂട്ടുനിൽക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളതെന്നും രമ പറഞ്ഞു. കേസിലെ പ്രതികൾ വ്യവസ്ഥകൾ ലംഘിച്ച് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. കൊലക്കേസ് പ്രതികൾക്ക് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനായി എങ്ങനെയാണ് പരോൾ അനുവദിക്കുന്നതെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സർക്കാരും ആഭ്യന്തര വകുപ്പും ജനാധിപത്യത്തെയും നിയമത്തെയും വെല്ലുവിളിച്ച് കൊലക്കേസ് പ്രതികൾക്കൊപ്പം നിൽക്കുകയാണെന്നും അവർ ആരോപിച്ചു.
ടി.പി. കേസ് പ്രതികൾക്ക് അടിക്കടി പരോൾ അനുവദിക്കുന്നതിൽ ജയിൽ വകുപ്പും കൂട്ട് നിൽക്കുന്നതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആർഎംപിഐ. കൊലക്കേസ് പ്രതികൾക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിൽ കേസ് ഫയൽ ചെയ്യുമെന്ന് രമ അറിയിച്ചു. സംഭവത്തിൽ ഗവർണർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ആർഎംപിഐ. കേസിലെ 13-ാം പ്രതി പി.കെ. കുഞ്ഞനന്തൻ കഴിഞ്ഞ ദിവസം പരോളിനിറങ്ങി ലോക്കൽ സമ്മേളന വേദിയിൽ മുഖ്യാതിഥിയായി എത്തിയിരുന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. പാനൂർ ഏരിയാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തൻ കുന്നോത്ത്പറന്പ് ലോക്കൽ സമ്മേളന വേദിയിലാണ് എത്തിയിരുന്നത്. മകളുടെ ഗൃഹപ്രേവശത്തിന് പരോൾ ലഭിച്ച കുഞ്ഞനന്തൻ ലോക്കൽ സമ്മേളന വേദിയിൽ മുഖ്യാഥിതിയായാണ് എത്തിയത്.
ടി.പി. വധക്കേസിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം ഇന്നും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞനന്തൻ ലോക്കൽ സമ്മേളനത്തിന് എത്തിയതെന്നും ശ്രദ്ധേയമാണ്. നേരത്തെ രമ ജയിൽ വകുപ്പിന് നൽകിയ പരാതിയിൽ കുഞ്ഞനന്തന് ഒരു വർഷത്തിനിടെ 133 ദിവസം പരോൾ അനുവദിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിക്ക് വിവാഹത്തിനായി അടുത്തിടെ പരോൾ അനുവദിച്ചതും പാർട്ടിയുടെ നേതൃത്വത്തിൽ ആഡംബര വിവാഹം നടത്തിയതും നേരത്തെ വിവാദമായിരുന്നു.